
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷയാണ് മരിച്ചത്. ആൺസുഹൃത്ത് ബഷീറുദ്ദീൻ്റെ വാടക വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ് മരിച്ച ആയിഷ. കോളേജിൽ നിന്നും കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. എരഞ്ഞിപ്പാലത്തുള്ള ബഷീറുദ്ദീൻ്റെ വാടക വീട്ടിലേക്കാണ് എത്തിയത്. കോഴിക്കോട്ടെ ജിം ട്രെയിനറാണ് ബഷീറുദ്ദീൻ.
രണ്ട് വർഷമായി അടുപ്പത്തിലാണ് ബഷീറുദ്ദീനും ആയിഷയും. ബഷീറുദ്ദീൻ തട്ടിപ്പുകാരനാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തുന്നത്. ഇയാൾക്ക് താക്കീത് നൽകിയിരുന്നു. ആയിഷയെ ഇയാൾ മർദിച്ചിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നെന്നും ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.