

പയ്യന്നൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് ക്രമക്കേടിൽ ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് സിപിഐഎം നേതാക്കൾ കൈക്കൊള്ളുന്നതെന്നും വാദിയെ പ്രതിയാക്കാനാണ് പാർട്ടി കമ്മീഷനെന്നും ആരോപിച്ച് വി. കുഞ്ഞികൃഷ്‌ണൻ. 34 ലക്ഷം രൂപയും ചെലവഴിച്ചത് ചെക്ക് മുഖേനയാണെന്നും വി. കുഞ്ഞികൃഷ്‌ണൻ ആരോപിച്ചു. സിപിഐഎം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കും കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും പണം പോയി. ഏരിയാ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്കും പണം പോയെന്നും വി. വി കുഞ്ഞികൃഷ്‌ണൻ ആരോപിച്ചു.
എന്ത് കൊണ്ടാണ് ജില്ലാ കമ്മിറ്റിയിൽ പരാതിപ്പെടാഞ്ഞതെന്ന ചോദ്യത്തിന്, ജില്ലാ കമ്മിറ്റിയിൽ തെറ്റുപറ്റിയെന്ന് പറയാൻ താൻ അന്ന് ജില്ലാ കമ്മിറ്റി അംഗം ആയിരുന്നില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ മറുപടി നൽകി. തെറ്റ് ഏറ്റു പറഞ്ഞിരുന്നെങ്കിൽ താൻ എട്ട് മാസം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വരുമോയെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു. രസീത് തിരിച്ചുവരാതെ എങ്ങനെയാണ് ക്രമക്കേട് നടന്നില്ലെന്ന് പാർട്ടി നേതൃത്വം പറയുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
മനു തോമസ് പാർട്ടിയിൽ നിന്ന് പോകാൻ കാരണവും കമ്മീഷനും റിപ്പോർട്ടുമാണ്. പാർട്ടി നേതൃത്വം മനു തോമസിനെതിരെ നിലകൊണ്ടു. വാദിയെ പ്രതിയാക്കാനാണ് പാർട്ടി കമ്മീഷൻ. പരാതി കൊടുത്താൽ പരാതി കൊടുത്തയാളെ കുറ്റവാളിയാക്കാനാണ് ശ്രമിക്കുന്നത്. മെറിറ്റല്ല, വ്യക്തികളാണ് കമ്മീഷനുകൾക്ക് പ്രധാനം. മനു തോമസിന് പാർട്ടിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നതും ഒരു കമ്മീഷൻ്റെ കണ്ടെത്തൽ കൊണ്ടാണെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന് അനുകൂലമായി ഫ്ലക്സ് ബോർഡ് വച്ച കാര്യത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരാൾ വിചാരിച്ചാൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കാമെന്ന് വി. കുഞ്ഞികൃഷ്ണൻ മറുപടി നൽകി. "എനിക്ക് അനുകൂലമായും ഫ്ലക്സ് വന്നിട്ടുണ്ടല്ലോ. പയ്യന്നൂരിൽ തന്നോട് യോജിപ്പുള്ള നിരവധി പാർട്ടി പ്രവർത്തകരുണ്ട്. അവർക്ക് തുറന്ന് പറയാൻ കഴിയില്ല. നാല് വർഷമായി പാർട്ടിക്കുള്ളിൽ പറയുന്നു. യാതൊരു ഫലവും ഇല്ലാത്തതിനാലാണ് തുറന്നുപറഞ്ഞത്. പിന്നെ എങ്ങനെ പാർട്ടിയെ തകർക്കലാകും? ഇപ്പോഴത്തെ ഉൾപാർട്ടി ജനാധിപത്യം പുറത്തുപറയൽ മാത്രമാണ്," വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അംഗീകരിക്കാൻ കഴിയാത്ത പരസ്യ പ്രസ്താവനയാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കയ്യിലെ കോടാലിയാണെന്നും നേതൃത്വം ആവർത്തിച്ചു. നടപടി സംബന്ധിച്ച ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്നും എം.വി. ജയരാജൻ അറിയിച്ചു.
അതേസമയം, വി. കുഞ്ഞികൃഷ്ണൻ റിയൽ കമ്യൂണിസ്റ്റ് ആണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. അത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിൻ്റെ ആരോപണം കോൺഗ്രസ് ഏറ്റെടുക്കുന്നത്. കൂടെ കിടന്നവനേ രാപ്പനി അറിയൂ.
കൂടെ കിടന്നയാളാണ് എല്ലാം തുറന്ന് പറയുന്നത്. അതിൽ പ്രതിഷേധിക്കുമ്പോൾ കോൺഗ്രസിനെ അക്രമിക്കുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെയാണ് സിപിഐഎം പെരുമാറുന്നത്. ഇത് ഭരണത്തിൻ്റെ അവസാനത്തെ നാളുകളാണെന്ന് ഓർക്കണമെന്നും ഏരിയ സെക്രട്ടറിയുടെ ഭീഷണിയൊന്നും വിലപ്പോവില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.