

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ വീണ്ടും ആരോപണം. നേരത്തേയും ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപണമുണ്ടായിരുന്നു. മലയന്‍കീഴ് സ്വദേശി സുമയ്യയ്ക്കാണ് ദുരനുഭവമുണ്ടായത്.
2023ല്‍ തൈറോയിഡ് ഗ്രന്ഥിയില്‍ മുഴ വന്നതിനെ തുടര്‍ന്ന് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ഗെയ്ഡ് വയര്‍ നെഞ്ചിനകത്ത് അവശേഷിച്ചിരുന്നതായി യുവതി പറയുന്നു. തുടര്‍ച്ചയായ ശ്വാസം മുട്ടലും ചുമയും കാരണമാണ് പിന്നീട് ചികിത്സ തേടിയത്. എക്‌സ്‌റേയില്‍ 50 സെ.മീ നീളത്തിലുള്ള വയര്‍ നെഞ്ചിന്റെ ഭാഗത്തു കണ്ടെത്തി.
അന്ന് ആദ്യഘട്ടത്തില്‍ ഇതേ ഡോക്ടര്‍ കുറ്റം സമ്മതിച്ചതായും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. തിങ്കളാഴ്ചയാണ് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെ ശസ്ത്രക്രിയാ പിഴവ് ആരോപണമുണ്ടായത്.
പതിനേഴുകാരിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ ചെയ്യവേ ആന്തരിക രക്തക്കുഴലുകള്‍ പൊട്ടിയെന്നാണ് പരാതി. രോഗിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാസ്‌ക്കുലര്‍ സര്‍ജനെ എത്തിച്ചാണ് ഗുരുതരാവസ്ഥ മറികടന്നത്. ഗുരുതരാവസ്ഥ മാറിയതിനു പിന്നാലെ ഇന്ന് രോഗിയെ ജനറല്‍ ആശുപത്രിയിലേക്ക് തന്നെ തിരികെ അയക്കുകയായിരുന്നു.