വിബിസിയുടെ തുഴത്താളത്തില്‍ വീയപുരത്തിന്റെ വമ്പ്; പിബിസിക്ക് 'ഡബിള്‍ ഹാട്രിക്ക് ' നഷ്ടമായി

സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആണ് രണ്ടാം സ്ഥാനത്ത്
വിബിസിയുടെ തുഴത്താളത്തില്‍ വീയപുരത്തിന്റെ 
വമ്പ്; പിബിസിക്ക് 'ഡബിള്‍ ഹാട്രിക്ക് ' നഷ്ടമായി
Published on

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജേതാക്കളായി വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍. വിബിസിയുടെ മൂന്നാം കിരീടമാണിത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. ലൂസേഴ്സ് ഫൈനലില്‍ പായിപ്പാടന്‍ നം.1 (4.29.606) ആണ് വിജയി.

2017ലാണ് വീയപുരം ചുണ്ടന്റെ പണി തുടങ്ങിയത്. സാബു നാരായാണന്‍ ആചാരിയായിരുന്നു ശില്‍പ്പി. 2019ല്‍ നീറ്റിലിറക്കി. ആദ്യ നെഹ്റു ട്രോഫിയിൽ തന്നെ സിബിഎൽ യോഗ്യത നേടി. 2022ലെ പായിപ്പാട് ജലോത്സവത്തിലാണ് ആദ്യ ട്രോഫി കരസ്ഥമാക്കിയത്. 2023ൽ നെഹ്റു ട്രോഫി സ്വന്തമാക്കി. കഴിഞ്ഞ സിബിഎല്‍ ചാംപ്യന്മാരാണ്. 2024 നെഹ്റു ട്രോഫിയിൽ മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതായത്. ഈ വിജയം വീയപുരത്തിനും വിബിസി കൈനകരിക്കും മധുര പ്രതികരമാണ്.

കഴിഞ്ഞവർഷവും വീയപുരം ചുണ്ടനിൽ തന്നെയാണ് വിബിസി തുഴഞ്ഞത്. 1986, 87 വർഷങ്ങളിൽ നെഹ്റു ട്രോഫി നേടിയ വിബിസി 1988നു ശേഷം മത്സര രംഗത്തു നിന്നു പിന്മാറിയിരുന്നു. 2022ൽ വീണ്ടും തിരിച്ചെത്തി.

തുടർച്ചയായി അഞ്ചു നെഹ്റു ട്രോഫി വിജയങ്ങളെന്ന നേട്ടത്തിലെത്തുന്ന ആദ്യ ടീമായ പിബിസി ഡബിള്‍ ഹാട്രിക്കിനായാണ് ഇത്തവണ ഇറങ്ങിയത്. 2018, 19, 22, 23, 24 വർഷങ്ങളിലായാണു നേട്ടം. 2020, 21 വർഷങ്ങളിൽ നെഹ്റു ട്രോഫി നടന്നിരുന്നില്ല. 1988, 1998 വർഷങ്ങളിലും നേരത്തെ പിബിസി നെഹ്റു ട്രോഫി നേടിയിരുന്നു. ആദ്യ നാലു ചാംപ്യൻസ് ബോട്ട് ലീഗുകളിൽ ടൈറ്റിൽ വിജയികളായതും പിബിസിയാണ്. എന്നാല്‍, 2025ല്‍ വീയപുരത്തിനും നടുഭാഗത്തിനും പിന്നിലായാണ് പിബിസി തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ ഫിനിഷ് ചെയ്തത്.

ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. പുന്നമട ബോട്ട് ക്ലബ് (4:20.904) ആണ് ഹീറ്റ്‌സിൽ മികച്ച സമയം കണ്ടെത്തിയത്. ഒന്നാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ മേല്‍പ്പാടവും രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനും മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗവും , നാലാം ട്രാക്കിൽ വിബിസി കൈനകരിയുടെ വീയപുരവുമാണ് ഫൈനലിൽ മാറ്റുരച്ചത്.

നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങില്‍ എം.കെ. സാനു, വി.എസ്. അച്യുതാനന്ദന്‍ എന്നിവർക്ക് ആദരം അർപ്പിച്ച് ഒരു നിമിഷം മൗനം ആചരിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ആണ് മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. നെഹ്‌റു ട്രോഫിയെ സർക്കാർ കാണുന്നത് പ്രാധാന്യത്തോടെയാണെന്ന് മന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഈ വർഷത്തെ ജലോത്സവത്തിന് നവകേരള സദസ്സിന്റെ ഭാഗമായി നെഹ്റു പവലിയനായി ഏഴ് കോടിയും ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും രണ്ട് കോടിയും ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.

വിബിസിയുടെ തുഴത്താളത്തില്‍ വീയപുരത്തിന്റെ 
വമ്പ്; പിബിസിക്ക് 'ഡബിള്‍ ഹാട്രിക്ക് ' നഷ്ടമായി
71ാമത് നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു

21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങളാണ് പുന്നമടയില്‍ പോരിനിറങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com