തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിനു പിന്നാലെ ജയിൽ ചുമതലയിൽ അഴിച്ചുപണി. എട്ടുപേരെയാണ് ഇതിൻ്റെ പേരിൽ സ്ഥലം മാറ്റിയത്. നിലവിൽ സൂപ്രണ്ടുമാർ ഇല്ലായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. സൂപ്രണ്ട്, ജോയിൻ സൂപ്രണ്ടുമാർ എന്നിവരെയും പുതിയ തീരുമാനത്തിൻ്റെ ഭാഗമായി സ്ഥലംമാറ്റിയിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ജയിലിലെ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ സമ്മതിച്ചിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. വിവരം അറിയാൻ വൈകി. കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നു. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. സംഭവം കണ്ണൂർ റേഞ്ച് ഡിഐജി വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥർ ഏറെ വൈകിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ജയിൽ ഡിഐജി നേരിട്ട് നടപടിയെടുക്കുമെന്നും അന്വേഷണ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നും ജയിൽ വകുപ്പ് മേധാവി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്.