കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ കൊടിയ അനാസ്ഥകൾ എണ്ണിപ്പറഞ്ഞ് ഡിഐജിയുടെ റിപ്പോർട്ട്. അസിസ്റ്റൻ്റ് ജയിൽ സൂപ്രണ്ട് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റി. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടില്ല. ഗോവിന്ദച്ചാമിയുടെ ഡമ്മി കണ്ടിട്ട് പോലും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞില്ല. രാത്രി പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയത് പരസഹായമില്ല എന്നുതന്നെയായിരുന്നു പൊലീസ് കണ്ടെത്തിയത്. ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചില്ലെന്നും സെല്ലിൽ നിന്ന് പുറത്തിറങ്ങിയിട്ടും പുറത്ത് കടക്കാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് ഗോവിന്ദച്ചാമിയുള്ളത്.
കഴിഞ്ഞ 25ാം തീയതി പുലർച്ചെ 1.30ക്കാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുലർച്ചെ അഞ്ചോടെയാണ് കുറ്റവാളി ജയില്‍ ചാടിയ വിവരം ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞത്. തുടർന്ന് ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. ആറരയോടെയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ അഞ്ച് മണിക്കൂറോളം നീണ്ട തെരച്ചിൽ. 9.15 ഓടെ കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാരൻ വിവരം നൽകി. തുടർന്ന് 10.45ഓടെ കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നുമാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്.