പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതി൪ത്തിയോട് ചേ൪ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലൻ. ഗുരുതരമായി പരിക്കേറ്റ മല്ലനെ ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
മേയ് 19ന് പാലക്കാട് അലനല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്കും ജീവൻ നഷ്ടമായിരുന്നു. ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ടാപ്പിങ്ങിനായി പോയതായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള വനം വകുപ്പിൻ്റ ശ്രമം തുടരുകയാണ്. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തുക. വാളയാർ റേഞ്ചിൻ്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. ദൗത്യത്തിൻ്റെ ചെലവ് പുതുശ്ശേരി പഞ്ചായത്തായിരിക്കും വഹിക്കുക. രണ്ടാഴ്ചയിലേറെയായി കാട്ടാന പ്രദേശത്ത് തുടരുകയാണ്.
പത്തനംതിട്ട കോന്നി കുളത്തുമണ്ണിലും വീണ്ടും കാട്ടാന ആക്രമണമുണ്ടായി. പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കാട്ടാന ശല്യം തടയുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.