കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ എ. പത്മകുമാറിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേസിൽ തന്ത്രിമാർക്കെതിരെ എ.പത്മകുമാറിന്റ നിർണായക മൊഴി എസ്ഐടി രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നെന്നും പത്മകുമാർ പറഞ്ഞു.
അതേസമയം സ്വർണക്കൊള്ള കേസിൽ പ്രതി മുരാരി ബാബു നാളെ ഹൈക്കോടതിയെ സമീപിക്കും. കൊല്ലം വിജിലൻസ് കോടതി രണ്ട് കേസുകളിലും ജാമ്യം തള്ളിയ സാഹചര്യത്തിലാണ് മുരാരി ബാബു ഹൈക്കോടതിയെ സമീപിക്കുന്നത്.