വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചു സൈന്യം നിർമിച്ച ബെയ്‌ലി പാലം അതിജീവനത്തിന്റെ പ്രതീകം കൂടിയാണ്. അന്ന് യുദ്ധകാല അടിസ്ഥാനത്തിൽ നിർമിച്ച പാലം ഇപ്പോഴും ദുരന്ത മേഖലയിൽ തുടരുകയാണ്.
ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഒരു പാലം ഉണ്ടായിരുന്നു. നിനച്ചിരിക്കാതെ എത്തിയ മഹാദുരന്തം ആ പാലവും കൊണ്ടുപോയി. പാലം തകന്നത്തോടെ മുണ്ടക്കൈയും ചൂരൽമലയും വേർപെട്ടു. ദുരന്തസ്‌ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാതെയായി. രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യം മരപ്പലകകൾ ഉപയോഗിച്ച് ഒരു താൽക്കാലിക പാലം നിർമിച്ചു. പിന്നാലെ എത്തിയ സൈന്യം ബെയ്‌ലി പാലം നിർമിച്ചു. ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനം ധ്രുതഗതിയിലായി.
കര സേനയുടെ ഭാഗമായ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പാണ് പാലം 31 മണിക്കൂറിനുള്ളിൽ നിർമിച്ചത്. 24 ടൺ ഭാരം താങ്ങാൻ കഴിയുന്ന പാലം 190 അടി നീളത്തിലാണ് നിർമിച്ചിരിക്കുന്നത്. പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീൽ പാനലുകൾ ഉപയോഗിച്ച് വളരെ വേഗത്തിൽ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നതാണ് ബെയ്‌ലി പാലത്തിന്റെ പ്രത്യേകത. മേജർ സീത ഷെൽക്കെയാണ് പാലത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത്. എൻജിനീയർമാർ ഉൾപ്പെടെ 160 പേർ സംഘത്തിൽ ഉണ്ടായിരുന്നു.
ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രങ്ങളും വാഹനങ്ങളും എത്തിക്കാനായത്. ഇന്നും ഈ പാലത്തിലൂടെയാണ് ആളുകൾ ചൂരൽമല കടന്ന് മുണ്ടക്കൈലേക്ക് എത്തുന്നത്.