
കേരളത്തെ ഉപഭോക്തൃ സംസ്ഥാനമെന്നാണ് വിളിക്കുന്നത്. അന്നം തൊട്ട് എല്ലാറ്റിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സംസ്ഥാനം. അങ്ങനെയുള്ള ഈ കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളില്‍ സ്വയംപര്യാപ്തത കൈവരിച്ച ഒരു പ്രദേശമുണ്ട്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമായിരിക്കും. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണ്.
വയനാട് പനമരം വാളമ്പാടിയിലെ നടുവില്‍മുറ്റം തറവാടും അതിന് പരിസരത്തുള്ള 23 കുടുംബങ്ങളുമാണ് എല്ലാം കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പ്രദേശവാസികളില്‍ പലരുടെയും ആയുര്‍ദൈര്‍ഘ്യം നൂറിന് മുകളിലാണ്.
സ്വയം പര്യാപ്തതയില്‍ ജീവിക്കുന്ന ഒരു നാടും നാട്ടുകാരും. അതിന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതാകട്ടെ നടുവില്‍മുറ്റം എന്ന ഈ തറവാടും. 23 കുടുംബങ്ങളിലായി 107 പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. എല്ലാവരും നടുവില്‍മുറ്റം തറവാടുമായി ബന്ധമുള്ളവരാണ്. തറവാട്ടില്‍ നിന്ന് മാറിയാണ് പലരും താമസിക്കുന്നതെങ്കിലും അവിടുത്തെ കൃഷിയുമായി ബന്ധപ്പെട്ടാണ് ജീവിതം.
11 ഏക്കര്‍ ഭൂമിയിലാണ് ഇവിടെ കൃഷി. നടുവില്‍മുറ്റത്തെ കുടുംബത്തിലെ ആളുകളുടെ പേരിലാണ് ഭൂമി. ഓരോരുത്തര്‍ക്കുമുള്ള ഭൂമിയില്‍ വ്യത്യസ്മായ കൃഷിയാണ് ചെയ്യുന്നത്. വനഭൂമിയോട് ചേര്‍ന്ന് സ്ഥലമായതിനാല്‍ വന്യമൃഗ ശല്യം രൂക്ഷമാണ്. എങ്കിലും ഭക്ഷ്യാവശ്യത്തിനായുള്ളതെല്ലാം ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്.
നടുവില്‍ മുറ്റത്തെ തറവാടിനെ കേന്ദ്രീകരിച്ചാണ് ഈ നാട് മുന്നോട്ട് പോകുന്നത്. ഉത്സവവും തിറയുമെല്ലാം ഈ തറവാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഈ നാട് ഭക്ഷണത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചതും ഈ തറവാടിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്.