
മഹാ ദുരന്തത്തിന് ഒരാണ്ടിനിപ്പുറം ആളും ബഹളവും ഇല്ലാതെ ശ്മശാനമൂകമാണ് ഇന്ന് ചൂരല്‍ മല അങ്ങാടി. കൂള്‍ ബാര്‍, ഹോട്ടല്‍, സ്റ്റേഷനറി കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, അക്ഷയ കേന്ദ്രം, റേഷന്‍ കട, ബാങ്ക് എന്നിങ്ങനെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ചൂരല്‍ മലയില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ന്, സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ഇടക്കെപ്പോഴെങ്കിലും പരിശോധനക്കായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധിക്കാന്‍ എത്തുന്ന പ്രദേശവാസികള്‍ എന്നിങ്ങനെ വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ചൂരല്‍മലയില്‍ എത്തുന്നത്.
മഴ കനത്തതോടെ കഴിഞ്ഞ 2 മാസമായി ചൂരല്‍മല കടന്ന് ബെയ്‍ലി പാലത്തിലൂടെ മുണ്ടക്കൈലേക്കോ എസ്റ്റേറ്റിലേക്കോ ആളുകളെ കടത്തിവിടുന്നില്ല. ഇത് കാര്യമായി ബാധിച്ചിരിക്കുന്നത് ചൂരല്‍മല അങ്ങാടിയിലെ വ്യാപാരികളെയാണ്.
ഉരുള്‍പൊട്ടല്‍ മഹാദുരന്തതിന് ശേഷം ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങള്‍ മാത്രമാണ് ചൂരല്‍മലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാള്‍ മഴ ശക്തമായതോടെ ചൂരല്‍മലയില്‍ നിയന്ത്രണം കടുപ്പിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥ. കടുത്ത പ്രതിസന്ധിയിലൂടെയാണ് വ്യാപാരികള്‍ കടന്നുപോകുന്നത്. എല്ലാം നഷ്ടപ്പെട്ട വ്യാപരികള്‍ക്ക് പ്രതിദിനം 300 രൂപ ദിനബത്ത നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഇപ്പോഴും കടലാസിലെന്നാണ് വ്യാപാരികളുടെ ആരോപണം.