കൊല്ലം: പുനലൂരിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. പുനലൂര്‍ വന്‍മള സ്വദേശി സിജു തോമസാണ് മരിച്ചത്. മൃതദേഹം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയിലും മണ്ണിടിച്ചലിലും പുനലൂരിലെ മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീഴുകയായിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് പിന്‍ഭാഗത്തായി പ്രവര്‍ത്തിച്ചുവന്ന സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും തൊട്ടുചേര്‍ന്ന മതിലുമാണ് നിലം പൊത്തിയത്. ചൊവ്വാഴ്ച ഉച്ചമുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് വൈകുന്നേരം അപകടമുണ്ടായത്.
ലോറിയും സ്‌കൂള്‍ ബസും സ്‌കൂട്ടറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉള്ളില്‍ പെട്ടതായി സംശയിക്കുന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര വാഹനങ്ങള്‍ക്ക് മുകളില്‍ പതിച്ച നിലയിലാണ്. കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചാണ് കോണ്‍ക്രീറ്റ് പാളികള്‍ നീക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ നേരത്തേ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ച് ഷിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.