തൃശൂർ എംജി റോഡിൽ കുഴിയില്‍ വീഴാതിരിക്കാന്‍ സ്കൂട്ടർ വെട്ടിച്ചു മാറ്റിയ യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. തൃശൂർ പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് ആണ് മരിച്ചത്. കോട്ടപ്പുറം പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വിഷ്ണുവിന്റെ അമ്മ പത്മിനിക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് എംജി റോഡിലുള്ള കോട്ടപ്പുറം പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. പരിക്കേറ്റ പത്മിനിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റോഡിലെ കുഴികള്‍ അടക്കാത്തതില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്.
കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അപകടമുണ്ടായ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ബിജെപി-കോൺഗ്രസ് പ്രവർത്തകരും റോഡ് ഉപരോധിക്കുന്നുണ്ട്. റോഡിൽ കുത്തി ഇരുന്നും കിടന്നുമാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഇതേത്തുടർന്ന് എം.ജി റോഡിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.