

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.
നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.
പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.