തിരുവനന്തപുരം: ബസിൽ കയറാൻ ശ്രമിക്കവേ വിരൽ ഡോറിൽ കുടുങ്ങിയ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാത്തതിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പരാതി. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കാർത്തിക് (12) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെ കോവളത്താണ് സംഭവം.
ബസിൽ കയറാൻ ശ്രമിക്കവേ കാർത്തിക്കിൻ്റെ വിരൽ ഡോറിൽ കുടുങ്ങുകയായിരുന്നു. ഇതറിയാതെ ബസ് മുന്നോട്ട് എടുക്കുകയും കാർത്തിക്ക് ഒപ്പം ഓടുകയും ചെയ്തു. കാർത്തിക്കിൻ്റെ സഹോദരി ബസിൽ അടിച്ച് ശബ്ദം ഉണ്ടാക്കിയതിനെ തുടർന്നാണ് ബസ് നിർത്തിയത്.
ഡോറിൽ കൈ കുടുങ്ങിയതിന് പിന്നാലെ കാർത്തിക്കിൻ്റെ വലതു കൈയിലെ വിരലിന് ഗുരുതര പരിക്കേറ്റു. എന്നാൽ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ ചൂണ്ടുവിരലിന് പൊട്ടലും ആറ് തുന്നലുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.