കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഫയലിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദ് ഗവർണറേറ്റ്. ഫയൽ മറ്റ് വകുപ്പുകളിലേക്ക് അയച്ചതായി റഹീമിന്റെ അഭിഭാഷകർക്കും നിയമ സഹായ സമിതിക്കും വിവരം ലഭിച്ചു. ജയിലിൽ 19 വർഷം പൂർത്തിയാക്കിയ അബ്ദുൾ റഹീമിനെ ശേഷിക്കുന്ന കാലയളവിൽ ഇളവ് നേടി മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആണ് പുരോഗമിക്കുന്നത്.
ഇതിനോടകം 19 വർഷത്തിലധികം ജയിൽശിക്ഷ പൂർത്തിയാക്കിയ അബ്‌ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവ് നൽകി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും അബ്ദുൾ റഹീം നിയമ സഹായസമിതിയും. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക.
സൗദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുൾ റഹീമിന് ദിയാധനം നൽകിയതിനാൽ സൗദി കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതു അവകാശപ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു.