

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട 17കാരനായ അഭിറാമിനെ തനിക്ക് അറിയില്ലെന്നും തൻ്റെ സുഹൃത്ത് പോലുമല്ലെന്നും വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതിയായ ഉമർ. ഇന്ന് കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ചുറ്റും കൂടിയ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് ഉമർ പൊട്ടിക്കരയുകയും അഭിറാമിനെ പരിചയം പോലുമില്ലെന്ന് തുറന്നുപറയുകയും ചെയ്തത്.
ഞാൻ ഇതിൽ പ്രതിയാകുമെന്ന് പോലും കരുതിയില്ലെന്നും ഈ സംഭവം അറിഞ്ഞതും ഈ പ്രദേശത്തൊന്നും വന്നിട്ടുമില്ലെന്നും ഉമർ പറഞ്ഞു. എനിക്ക് അഭിറാമിനെ അറിഞ്ഞൂടാ. അവൻ കൂട്ടുകാരൻ പോലുമല്ലെന്നും അഭിറാം കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഉമറിൻ്റെ വീട്ടിലും കൃത്യം നടന്ന സ്ഥലത്തും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഫോണും ബെൽറ്റും എറിഞ്ഞെന്ന് പ്രതികൾ മൊഴി നൽകിയ ഇടം പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ, ഇന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും നാളെ കാടുമൂടിയ പ്രദേശം വൃത്തിയാക്കിയതിന് ശേഷം ഒന്നുകൂടി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച ശ്രീകാര്യത്തെ അരുംകൊലയ്ക്ക് കാരണം പ്രതിയായ 17കാരൻ്റെ പെണ്‍സുഹൃത്തിൻ്റെ സ്വകാര്യ ചിത്രങ്ങള്‍ അഭിറാമിൻ്റെ സുഹൃത്ത് പങ്കുവച്ചതാണെന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അഭിറാമിൻ്റെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഉമറും പ്രതിയായ 17കാരനും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായി അറിയാമായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വധിക്കാൻ ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ ആണെന്നാണ് ഉമറും ആനന്ദയും പൊലീസിന് മൊഴി നല്‍കിയത്. ആനന്ദയുടെ ഫോണില്‍ നിന്ന് അഭിരാമിനെ മെസേജ് അയച്ച് വിളിച്ചുവരുത്തി. അഭിറാമിനെ തടഞ്ഞുനിര്‍ത്തി സുഹൃത്തിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സുഹൃത്ത് വരാന്‍ വിസമ്മതിച്ചതോടെ അഭിറാമിനെ കൊലപ്പെടുത്തുകയായിരുന്നു. മറ്റു കാരണങ്ങളെ കുറിച്ച് അറിയില്ലെന്നാണ് പ്രതികളുടെ മൊഴി.
നവംബര്‍ രണ്ടിനാണ് തിരുവനന്തപുരം കാര്യവട്ടത്ത് നിന്ന് കാണാതായ അഭിറാമിനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.
നാല് പേരാണ് നിലവില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പതിനേഴുകാരനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരൻ്റെ പെണ്‍സുഹൃത്തായ ആനന്ദയുമാണ്. നാലാം പ്രതി ഉമറിൻ്റെ പെണ്‍സുഹൃത്തായ ഐശ്വര്യയാണ്.