മൊബൈലില്‍ രോഗികളുടേയും ബന്ധുക്കളുടേയും സ്വകാര്യദൃശ്യങ്ങള്‍; ഡോക്ടര്‍ക്കെതിരായ പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍

ഡോ.ജോൺസൺ വർഗീസ് മദ്യം ഉൾപ്പടെ നൽകിയാണ് യുവതികളെ പീഡിപ്പിച്ചതെന്നും ഇരകളിൽ അധികവും രോഗികളും അവരുടെ ബന്ധുക്കളുമെന്നും വിവരം
കൊച്ചിയിൽ ഡോക്ടർക്കെതിരായ പീഡനക്കേസിൽ പൊലീസ് അന്വേഷണം
Published on: 
Updated on: 

കൊച്ചി: നടി അതുല്യ ചന്ദ്രയും സംഘവും മര്‍ദിച്ച ഡോക്ടര്‍ക്ക് എതിരായ പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ന്യൂസ് മലയാളത്തിന്. ഡോക്ടറുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്ത സ്ത്രീകളുടെ ദൃശ്യങ്ങളില്‍ അധികവും ഇയാളുടെ രോഗികളുടേയും ബന്ധുക്കളുടേതുമാണ്.

നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഡോക്ടര്‍ ജോണ്‍സൺ വര്‍ഗീസിന്റെ മൊബൈലില്‍ നിന്ന് കണ്ടെത്തിയത്. മദ്യം ഉൾപ്പടെ നൽകിയാണ് ഡോ. ജോൺസൺ വർഗീസ് യുവതികളെ പീഡിപ്പിച്ചതെന്നും ഇരകളിൽ അധികവും രോഗികളും അവരുടെ ബന്ധുക്കളുമെന്നും വിവരം. ലഹരിക്ക് പുറമേ സൈക്കോട്രോപിക് മരുന്നുകളും നല്‍കി സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. അതുല്യ ചന്ദ്രയുടെ ബന്ധു പരാതി നല്‍കിയതിനു പിന്നാലെ ഡോക്ടര്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യം തേടാനും നീക്കമുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൊച്ചിയിൽ ഡോക്ടർക്കെതിരായ പീഡനക്കേസിൽ പൊലീസ് അന്വേഷണം
പ്രതിയായ ഡോക്ടറുടെ മൊബൈലിൽ 12 സ്ത്രീകളുടെ ദൃശ്യങ്ങൾ‌; യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

അതേസമയം ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ അതുല്യ ചന്ദ്ര ഉള്‍പ്പടെയുള്ള പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. 3 ദിവസത്തേയ്ക്കാണ് പ്രതികളെ കറ്റഡിയില്‍ ആവശ്യപ്പെടുക. മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസമാണ് ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അതുല്യ ചന്ദ്ര അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത് ചോദ്യം ചെയ്യാനാണ് നടിയും സംഘവും ഡോക്ടറെ ആക്രമിച്ചത്. പിന്നാലെയാണ് നടിയുടെ ബന്ധു കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ഡോക്ടര്‍ മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുമോ എന്ന ഭയമുള്ളതിനാലുമാണ് നേരത്തേ പരാതി നല്‍കാതിരുന്നത് എന്നാണ് സ്ത്രീ പറയുന്നത്.