
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിലെ ജീവനക്കാരികളായ പ്രതികൾ കീഴടങ്ങി. സ്ഥാപനത്തിലെ ജീവനക്കാരികളായ വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും നേരത്തെ ക്രൈം ബ്രാഞ്ച് കോടതിയെ അരിയിച്ചിരുന്നു. ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തിലാണ് സാമ്പത്തികത്തട്ടിപ്പ് നടന്നത്. ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരെയായിരുന്നു പരാതി. മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും തെളിവുകളുണ്ട്.
2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവിൽ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയുമാണ് എത്തിയത്. ജീവനക്കാരായ മൂന്നു പേർ ചേർന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയ കൃഷ്ണകുമാറിന്റെ പരാതി.