

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 16 വയസുകാരിക്ക് 88 വയസുകാരിയുടെ എക്സ്-റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. 16 വയസുകാരിയുടെ കുടുംബത്തിന്റെ പരാതിയിൽ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. കുട്ടിയെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്ക് താക്കീത് നൽകുകയും ചെയ്തു.
എക്സ്-റേ മാറി നൽകിയിട്ടും അത് മനസ്സിലാക്കാതെ ഡോക്ടർ ചികിത്സിച്ചു എന്നാണ് കണ്ടെത്തൽ. ആശുപത്രിയിൽ ശ്വാസംമുട്ടലുമായി ചികിത്സ തേടിയ 16 വയസ്സുകാരിക്ക് ആണ് 88 വയസ്സുകാരിയുടെ എക്സറേ മാറി നൽകിയത്. മാറി നൽകിയ എക്സ്-റേയുടെ അടിസ്ഥാനത്തിൽ കുട്ടിക്ക് സ്കോളിയോസിസ് രോഗമുണ്ടെന്നും ഡോക്ടർ പറഞ്ഞിരുന്നു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എക്സ്-റേ മാറി നൽകിയ വിവരം തിരിച്ചറിയുന്നത്.
ഈ മാസം 14നാണ് പതിനാറുകാരി ശ്വാസം മുട്ടലിന് ചികിത്സ തേടിയെത്തിയത്. പരിശോധനകള്‍ക്കൊടുവില്‍ ഡോക്‌ടര്‍ എക്സ് റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്ന് എക്സ് റേ എടുത്ത പെണ്‍കുട്ടിക്ക്, നട്ടെല്ലിനു വളവുള്ള 88കാരിയുടെ എക്സ് റേ ഫിലിമാണ് റേഡിയോളജിസ്റ്റ് മാറി നല്‍കിയത്. എക്സ് റേ ഫിലിമില്‍ രോഗിയുടെ പേരും വയസ്സും ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഫിലിം പരിശോധിച്ച ഡോക്‌ടര്‍ അതൊന്നും ശ്രദ്ധിക്കാതെ, ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്ന് കുറിച്ചു നല്‍കുകയായിരുന്നു.