കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ സാഹചര്യത്തിൽ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണം എന്ന ആവശ്യവുമായി ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പാസ്പോർട്ട് വിട്ടുകിട്ടാൻ ദിലീപ് അപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. അതേസമയം, ദിലീപിന്റെ പാസ്പോർട്ട് വിട്ടു നൽകരുതെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. പാസ്പോർട്ട് അത്യാവശ്യം ആയി വേണോ എന്ന് കോടതി ചോദിച്ചു. എന്നാൽ തിരക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി ഡിസംബർ 18ന് പരിഗണിക്കനായി മാറ്റി.
നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടു നല്‍കിയിരുന്നു. എന്നാൽ ഇപ്പോൾ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടത്.
ദിലീപിന് 2017ൽ ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും പാസ്പോർട്ട് ലഭിച്ചിരുന്നു. അന്ന് യുഎഇയിലെ കരാമയിൽ തുടങ്ങിയ ഒരു ഹോട്ടലിന്റെ ഉദ്‌ഘാടനത്തിന് പങ്കെടുക്കാനായിരുന്നു പാസ്പോർട്ട് നൽകിയത്. വിദേശത്തു നിന്നും തിരികെ എത്തിയ ശേഷം അഭിഭാഷകൻ വഴി ദിലീപ് പാസ്പോർട്ട് തിരികെ നൽകിയിരുന്നു. 2018 നവംബറിലും കോടതി താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ട് നല്‍കിയിരുന്നു.