തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിനാണ് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയതെന്ന് നടൻ പ്രേം കുമാർ. പുറത്തായത് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞത് ഗതികേടടെന്നും പ്രേം കുമാർ പറഞ്ഞു. ആറുമാസമായി തന്നെ ഒരാളും ബന്ധപ്പെട്ടിട്ടില്ല. പൂർണമായും അവഗണിക്കുകയാണെന്നും നടൻ പറഞ്ഞു. 35 വർഷമായി ഇടതുപക്ഷ അനുഭാവിയായി നിൽക്കുന്നു അധികാരത്തിന്റെ എവിടെയെങ്കിലും തന്നെ കണ്ടിട്ടുണ്ടോയെന്നും പ്രേം കുമാർ ചോദിച്ചു.
താൻ കോൺഗ്രസ് കുടുംബാംഗം തന്നെ ആണ്. രാഷ്ട്രിയം പരിഗണിച്ചല്ല ഈ സർക്കാർ സ്ഥാനം നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത സ്പെയ്സിൽ എങ്ങനെ നിൽക്കും. വിമർശനവും സ്വയം വിമർശനവും ഉൾക്കൊള്ളണം. കഴക്കൂട്ടത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി തന്നെ അറിയിച്ചില്ലെന്നും പ്രേം കുമാർ പറഞ്ഞു. ഇടത് സൈബർ കേന്ദ്രങ്ങൾ തന്നെ അവഹേളിക്കുന്നു. രാഷ്ട്രീയ ബദലായി കാണുന്നത് കോൺഗ്രസിനെയാണ്. ദേശീയ തലത്തിൽ കോൺഗ്രസ് നിലനിൽക്കണം. യുഡിഎഫിൽ നിന്ന് ചർച്ച നടത്തിയെന്നും കൂടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പ്രേം കുമാർ വ്യക്തമാക്കി.
കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തിടുക്കപ്പെട്ട് തന്നെ പുറത്താക്കുകയായിരുന്നുവെന്നും, അതിനുള്ള അടിയന്തര സാഹചര്യം എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും വെളിപ്പെടുത്തി പ്രേം കുമാർ നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. ആശാസമരത്തെ പിന്തുണച്ചതാണ് തന്നെ പുറത്താക്കാൻ കാരണമെന്നും കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ എൽഡിഎഫിനെതിരെ പറഞ്ഞിട്ടും നടപടിയില്ലെന്നുമാണ് പ്രേം കുമാർ പറഞ്ഞത്.