കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ. അഞ്ചാം പ്രതി വടിവാൾ സലീം എന്ന എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്നും, ജാമ്യത്തിൽ വിടണമെന്നുമാണ് പ്രതികളുടെ ആവശ്യം. തങ്ങൾക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്ന് അതിജീവതയുടെ മൊഴിയിൽ നിന്നും വ്യക്തമാണെന്നാണ് പ്രതികളുടെ വാദം.
ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് 376 ഡി വകുപ്പ് പ്രകാരം 20 വർഷം തടവു ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്നും, നേരത്തെ തടവിൽ കിടന്ന കാലപരിധി ശിക്ഷയിൽ ഇളവ് ചെയ്യുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കൂട്ട ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നടൻ ദിലീപ് അടക്കം നാല് പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണാ കോടതി വെറുതെ വിട്ടിരുന്നു.