

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി പ്രതികള്‍ക്കെതിരെ കണ്ടെത്തിയത് ഇരുപത് വര്‍ഷം വരെ കഠിന തടവും ജീവപര്യന്തവും വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ് പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
പ്രതികളുടെ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെടുമെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ആറ് പ്രതികള്‍.
എട്ടാം പ്രതി ദിലീപ് അടക്കമുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയിരുന്നത്.
ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസില്‍ നടന്‍ ദിലീപ് അടക്കം പത്ത് പേരെയാണ് പ്രതി ചേര്‍ത്തത്. സുനില്‍ എന്‍.എസ്. എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, സലിം എച്ച് എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി. ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, സനില്‍ കുമാര്‍ എന്ന് മേസ്തിരി സനില്‍, ശരത് ജി. നായര്‍ എന്നിവരായിരുന്നു പ്രതികള്‍.
ശിക്ഷാ വിധിക്കു ശേഷം വിധിപ്പകര്‍പ്പ് ലഭിക്കും. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ ദിലീപ് അടക്കമുള്ള നാല് പ്രതികളെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്ന് വ്യക്തമാകൂ. ഇതിനു ശേഷമായിരിക്കും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുക.