എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവ് വിധിച്ച് കോടതി. പ്രതികൾക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ സെൻസേഷനായ കേസാണിതെന്നും കോടതി സെൻസെഷൻ എന്ന നിലയ്ക്കല്ല വിധി പറയുന്നതെന്നും ജഡ്ജി വിധി പറയുന്നതിന് മുൻപായി പറഞ്ഞു. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം എന്ന വടിവാൾ സലീം, പ്രദീപ് എന്നീ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധിയാണ് എറണാകുളം സെഷൻസ് കോടതി വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
ഇത് സ്ത്രീയുടെ അന്തസിനെ ഹനിച്ച കേസായിരുന്നെന്നും, അതിജീവിതയെ മാനസിക ആഘാതത്തിലേക്ക് തള്ളിയിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രതികൾക്കും പ്രായം 40 വയസിനു താഴെയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പീഡന ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമാണ്. ഇരയുടെ സുരക്ഷ മാനിച്ച് അത് സൂക്ഷിക്കണംമെന്നും കോടതി നിർദേശിച്ചു.
ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് 376 ഡി വകുപ്പ് പ്രകാരമാണ് 20 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നേരത്തെ തടവിൽ കിടന്ന കാലപരിധി ശിക്ഷയിൽ ഇളവ് ചെയ്യും. ഇതനുസരിച്ച് പൾസർ സുനി ആദ്യം ജയിൽ മോചിതനാകും. എട്ട് വർഷം ജയിലിൽ കഴിഞ്ഞതിനാൽ, പന്ത്രണ്ടര വർഷം മാത്രം തടവായിരിക്കും പൾസർ സുനിക്ക് ലഭിക്കുക.
എന്നാൽ, ലൈംഗികാതിക്രമം നടത്തിയത് ഒന്നാം പ്രതി പൾസർ സുനി മാത്രമെന്ന് കോടതി വ്യക്തമാക്കി. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾ ഒന്നാം പ്രതിയെ സഹായിച്ചു. ഗൂഢാലോചനയിൽ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാണ്. മറ്റ് പ്രതികളെ കേസിലേക്ക് കൊണ്ടുവന്നത് ഒന്നാം പ്രതിയെന്നും കോടതി.
അതേസമയം, ഹീന കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ട്. എല്ലാ പ്രതികൾക്കും തുല്യ പങ്കാളിത്തമാണുള്ളത്. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഓരോ പ്രതികളുടെയും പങ്ക് പരിഗണിച്ച ശേഷമാണ് ശിക്ഷ, ഓരോ കുറ്റവും വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതി പ്രധാന കുറ്റകൃത്യം നടത്തി മറ്റുള്ള പ്രതികൾ സഹായം ചെയ്തു എന്നല്ലേയെന്നും കോടതി ചോദിച്ചു. 2 മുതൽ 6 വരെ പ്രതികൾ സഹായിച്ചില്ലെങ്കിൽ ഒന്നാം പ്രതി ബലാത്സംഗം നടത്തില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിജീവിത കടന്ന് പോയത് കടുത്ത പ്രതിസന്ധികളിലൂടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികൾക്ക് പറയാനുള്ളത് കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളു, ശിക്ഷാ ഇളവ് വേണമെന്ന് പൾസർ സുനി കോടതിയെ അറിയിച്ചു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, നിരപരാധിയാണെന്ന് പ്രതി മാർട്ടിൻ പറഞ്ഞു. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ അഞ്ചര വർഷം ജയിലിൽ കിടന്നു, വാർദ്ധ്യക സഹജമായ അസുഖങ്ങളുള്ള മാതാപിതാക്കൾ ഉണ്ടെന്നും മാർട്ടിൻ പറഞ്ഞു. നിരപരാധിത്വം മനസിലാക്കി ജയിൽ മോചിതനാക്കി തരണമെന്ന് പ്രതി മണികണ്ഠൻ പറഞ്ഞു. താൻ മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചു. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മറ്റ് പ്രതികളും കോടതിയെ അറിയിച്ചു.
കൂട്ട ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നടൻ ദിലീപ് അടക്കം നാല് പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണാ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.