കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. വ്യക്തിപരമായാണ് ആക്രമണം അഴിച്ചുവിടുന്നത്. താൻ കേസ് വാദിച്ചു തോറ്റുവെന്നാണ് പറയുന്നത്. വിധിവന്നതോടെ എല്ലാവരും ദിലീപിനൊപ്പം ചേർന്നു. അതിജീവിതയ്ക്കെതിരായി. അതിജീവിതയ്ക്ക് വേണ്ടി പോരാടുന്ന എന്നെ ഇല്ലാതാക്കാനാണ് ആക്രമണം നടത്തുന്നവരുടെ ലക്ഷ്യമെന്നും നാളെ താനുണ്ടാവുമോ എന്നത് അറിയില്ലെന്നും അഭിഭാഷക ടി.ബി. മിനി പറഞ്ഞു.
"മതിയായ തെളിവുകൾ ഹാജരാക്കിയില്ല എന്നത് പച്ചക്കള്ളമാണ്. ദീലീപ് കുറ്റക്കാരനാണെന്നതിൽ എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അതിന് തെളിവുകളുണ്ട്. ആ തെളിവുകൾ കോടതി അംഗീകരിക്കുന്നുണ്ടോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാൽ എനിക്കതിൽ നൂറ് ശതമാനം ഉറപ്പുണ്ട്. അതിജീവിതയുടെ വക്കീലിന് ട്രയൽ കോടതിയിൽ ഒന്നും പറയാനുള്ള അധികാരം ഇല്ല. അത് നിയമം അനുവദിക്കുന്നില്ല. അത് ജീവിതയ്ക്ക് അപ്പീൽ നൽകാനുള്ള സൗകര്യം ഇപ്പോഴാണ് വന്നത്. ആ അപ്പീൽ അവർക്ക് നൽകാം. അല്ലാതെ ഞാൻ കേസ് നടത്തി തോറ്റിട്ടില്ല", ടി.ബി. മിനി.