

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് പരിശോധനയിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. അട്ടിമറി അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കണമെന്നും, അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിംഗിള്‍ ബെഞ്ച് വിധിയില്‍ തുടര്‍ നടപടിയെടുത്തില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജിയിൽ ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
തുടർന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി.എം. വർഗീസ് പരിശോധിച്ച് റിപ്പോർട്ട് നൽകി. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിൻ്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.