
എറണാകുളം: കുക്കു പരമേശ്വരനെതിരായ പൊന്നമ്മ ബാബുവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. കുക്കു പരമേശ്വരനെ പിന്തുണച്ചുകൊണ്ടാണ് മാലാ പാര്‍വതിയുടെ പ്രതികരണം.
ഭാരവാഹി പോലും അല്ലാത്ത കുക്കുവിനെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്നും പരാതി ഉണ്ടെങ്കില്‍ എന്തുകൊണ്ട് എസ്‌ഐടിയെ സമീപിച്ചില്ലെന്നുമാണ് മാലാ പാര്‍വതി ചോദിച്ചത്.
താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയതിന് പിന്നാലെയാണ് കുക്കു പരമേശ്വരന് എതിരെ ഗുരുതര ആരോപണങ്ങളുമായി പൊന്നമ്മ ബാബു രംഗത്തെത്തിയത്. അമ്മയിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവെക്കുന്നതിന്റെ വീഡിയോ അടങ്ങുന്ന മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും മെമ്മറി കാര്‍ഡ് ഹേമ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്‌തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.
ഹേമ കമ്മിറ്റിക്ക് മുന്‍പ് 'അമ്മ'യിലെ സ്ത്രീകള്‍ ഒരുമിച്ചു കൂടി സിനിമയിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. കുക്കു പരമേശ്വരനാണ് ഇതിന് നേതൃത്വം നല്‍കിയത്. യോഗം വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും യോഗശേഷം ക്യാമറയില്‍ നിന്നും മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ വാങ്ങിക്കൊണ്ടുപോയിയെന്നുമാണ് പൊന്നമ്മ ബാബു പറയുന്നത്.
ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കാന്‍ തയ്യാറായില്ലെന്നും പൊന്നമ്മ ബാബു ആരോപിക്കുന്നു. ഇപ്പോള്‍ മെമ്മറി കാര്‍ഡ് കയ്യില്‍ ഇല്ലെന്നാണ് ഇരുവരും പറയുന്നത്. മെമ്മറി കാര്‍ഡ് പുറത്തുകൊണ്ടുവരണം. മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.
കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ അംഗങ്ങളെ ഇതുവച്ച് ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. കുക്കുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും നടി കൂട്ടിച്ചേര്‍ത്തു.