പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ്. ഇതിനെ ഇനിയും പൊതുസമൂഹം രാഷ്ട്രീയപ്രേരിതമായി കാണരുതെന്നും കൂടുതൽ അതിജീവിതമാർ പരാതിയുമായി മുന്നോട്ട് വരണമെന്നും റിനി മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. അതിജീവിതമാർക്ക് ഉണ്ടായിരിക്കുന്ന പ്രശ്നം അവർക്ക് ഉണ്ടായിരിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധപൂർവം നശിപ്പിക്കേണ്ടതായി വന്നു എന്നുള്ളതാണെന്നും റിനി പറഞ്ഞു.
"ഇത്രയധികം സൈബർ ആക്രമണങ്ങൾ നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ ആ പെൺകുട്ടിക്ക് ഞാൻ അഭിനന്ദനം അറിയിക്കുകയാണ്. ആദ്യമേ പറഞ്ഞതാണ് ഇതൊരു രാഷ്ട്രീയപ്രേരിതമായ വിഷയമല്ല എന്നുള്ളത്. മൂന്നാമത്തെ പരാതി വന്ന സാഹചര്യം നമുക്കറിയാം. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി അടുത്ത തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിന് ശേഷമെ ഉണ്ടാകുന്നുള്ളൂ. പിന്നെ ആരോപിക്കപ്പെട്ട വ്യക്തി പാർട്ടിക്ക് പുറത്താക്കപ്പെട്ടയാളാണ്. അപ്പോൾ രാഷ്ട്രീയപ്രേരിതമല്ല ഈ വിഷയമെന്നതാണ് വ്യക്തമാകുന്നത്," റിനി പറഞ്ഞു.
"ഇത് സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ച കാര്യമാണ്. ഇതിൽ പലരും വിചാരിക്കുന്നത് രണ്ടുപേർ തമ്മിൽ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, അതിന് ശേഷം പരാതി നൽകുകയും ചെയ്യുന്നു എന്നത് മാത്രമാണ്. അതിനേക്കാൾ അതിജീവിതമാർക്ക് ഉണ്ടായിരിക്കുന്ന പ്രശ്നം അവർക്ക് ഉണ്ടായിരിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധപൂർവം നശിപ്പിക്കേണ്ടതായി വന്നു എന്നുള്ളതാണ്," റിനി മാധ്യമങ്ങളോട് പറഞ്ഞു.
"ആദ്യം പരാതി നൽകിയ പെൺകുട്ടി ഇന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിച്ചിട്ട് കണ്ണുനിറഞ്ഞു പോവുകയാണ്. ഏറെ സ്വപ്നം കണ്ട് ഒരു പിഞ്ചോമനയുടെ മുഖം കാണാൻ കൊതിച്ചുനിന്ന ഒരമ്മയുടെ വേദന, രോദനം, കരച്ചിലാണ് നമ്മളവിടെ കാണുന്നത്. ഇതിനെ ഇനിയും പൊതുസമൂഹം രാഷ്ട്രീയപ്രേരിതമായി കാണരുതെന്ന അഭ്യർഥനയുണ്ട്. അതിജീവിതമാർക്ക് ഒപ്പമാണ് കേരളത്തിൻ്റെ മനസാക്ഷിയും ഞങ്ങളെല്ലാവരും എന്നാണ് പറയാനുള്ളത്," റിനി പറഞ്ഞു.
"ഇത് ഒന്നോ രണ്ടോ മൂന്നോ കേസുകളല്ല, ഇനിയും അതിജീവിതകളുണ്ട്. ആ അതിജീവിതമാർ ഇനിയെങ്കിലും മുന്നോട്ടുവരണം. നിങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടെത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. ഓരോരുത്തരും ഇത്തരത്തിലുള്ള ക്രിമിനലുകളെ സമൂഹത്തിന് മുന്നിലേക്ക് അവതരിപ്പിക്കുമ്പോൾ മാത്രമാണ് അവരെ തുറന്നുകാട്ടുവാൻ സാധിക്കുകയുള്ളൂ. ജനങ്ങൾ വിശ്വസിക്കുന്ന ആളുകൾ അധികാരസ്ഥാനങ്ങളിൽ ഇരുന്നു കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ ചിന്തിക്കണം. ഇത്തരക്കാർ ഈ പ്രമുഖ സ്ഥാനങ്ങളിൽ ഇരിക്കേണ്ടവരാണോ എന്ന് പ്രബുദ്ധ കേരളം ആലോചിക്കേണ്ടിയിരിക്കുന്നു," റിനി പറഞ്ഞു.