

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പ് കമ്പനിയുടെ ഓഹരി വിറ്റിട്ടില്ലെന്ന് അദാനി പോര്‍ട്‌സ്. തുറമുഖ സെക്രട്ടറിക്ക് നല്‍കിയ വിശദമായ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും, പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് തുടങ്ങിയതെന്നും വിശദീകരണം.
അദാനി പോർട്സ് സര്‍ക്കാരിനുള്ള അപേക്ഷ പുതുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഉണ്ടാകൂ എന്നും അദാനി അറിയിച്ചു. സെബിക്ക് നല്‍കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണ മാത്രമാണെന്നും നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം വലിയ വിവാദമാണ് സൃഷ്ടിച്ചത്. ബഹുരാഷ്ട്ര ഭീമനായ എംഎസ്സിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് 49% ഓഹരി നല്‍കിയതെന്നും 25%ന് മുകളിലുള്ള ഓഹരി കൈമാറ്റം ഉടമസ്ഥാവകാശ മാറ്റമായാണ് പരിഗണിക്കുക. കമ്പനി ഇതുവരെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ല എന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ സമ്മതിച്ചിരുന്നു.
വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിന് എതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. എല്ലാം ഒറ്റ കമ്പനി തീരുമാനിക്കുന്നത് അപകടകരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. മത്സരക്ഷമത കുറയുന്നത് വിഴിഞ്ഞത്തിന് തിരിച്ചടി ഉണ്ടാകും. പിണറായിയുടെ ആശങ്ക മുഖ്യമന്ത്രിയും ശരിവച്ചു. ദേശീയ സുരക്ഷയും മത്സര ക്ഷമതയും ഉറപ്പാക്കുമെന്നും പൊതു താല്‍പ്പര്യം സംരക്ഷിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.