

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതോടെ ഡിവൈഎഫ്ഐ നേതാവ് കൂടിയായ പ്രതി നാളെ കൊയിലാണ്ടി സബ് ജയിലിൽ നിന്ന് പുറത്തിറങ്ങും.
വിവാദസന്ദേശത്തിൻ്റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിൻ്റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജ ടീച്ചർക്കെതിരെയാണ് വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.