

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ പ്രതിസന്ധിയെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ ഭീകരാന്തരീക്ഷം നില നിൽക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ സഭയിൽ പറഞ്ഞു.
നിപയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നോക്കുന്നത്. ആശുപത്രി തലത്തിലും സർക്കാർ തലത്തിലും പ്രതിരോധ നടപടികൾ സ്വീകരിച്ച് വരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ട്. ഭരണം മാറിയത് അറിയാതെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. അവർക്കാണ് സ്ഥാനചലനം നേരിടേണ്ടി വന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.
ഒരു സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് തിരിച്ചറിയാൻ 35 ദിവസം ധാരാളമെന്ന് മുഹമ്മദ് റിയാസ് സഭയിൽ പറഞ്ഞു. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നില്ല. ക്രിയാത്മക പ്രതിപക്ഷത്തിൻ്റെ ദൗത്യമാണ് ഞങ്ങൾ നിർവഹിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
എബോള കേരളത്തിൽ ഇല്ലെന്ന് മന്ത്രി പറയുമ്പോൾ ഉദ്യോഗസ്ഥർ കുറച്ച് കഴിയുമ്പോൾ മാറ്റിപ്പറയുമോ എന്നതാണ് പ്രശ്നമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. ആരോഗ്യ മേഖലയിലെ കേരള മോഡലിന് തകർച്ച നേരിടുകയാണ്. നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇല്ല. മഴക്കാലപൂർവ ശുചീകരണത്തിൽ പിഴവ് വന്നത് കൊണ്ടാണ് ഈ അവസ്ഥയെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
ഗൗരവമുള്ള വിഷയത്തോട് ആരോഗ്യമന്ത്രി വളരെ ലാഘവത്തോടെയാണ് പ്രതികരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരു ഭീകരാന്തരീക്ഷവും നില നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് ആരോഗ്യമന്ത്രി തുടങ്ങിയത്. മുൻ കാലങ്ങളിൽ തൊട്ടടുത്ത സമയം തന്നെ മന്ത്രി അവിടെയെത്തി ഏകോപനത്തിന് നേതൃത്വം നൽകിയിരുന്നു. ഇവിടെ എത്ര ദിവസം എടുത്തു ആരോഗ്യമന്ത്രി നിപ ബാധിച്ച കോഴിക്കോട് എത്താൻ എന്നും പിണറായി വിജയൻ ചോദിച്ചു. വകുപ്പുകളുടെ ഏകോപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.