

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിക്കുന്നു. സ്വതന്ത്ര കൂട്ടായ്മയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം രാജിവച്ച് പുറത്തുപോകണമെന്ന് ബിജു മാത്യൂസ് ആവശ്യപ്പെട്ടു. ഇനി ചർച്ചയ്ക്ക് നിർബന്ധിക്കരുതെന്ന് യുഡിഎഫ് നേതൃത്വത്തെ കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായിട്ടാണ് ദിയ പുളിക്കക്കണ്ടത്ത് അറിയപ്പെട്ടിരുന്നത്. പക്ഷേ ആറ് മാസത്തിനുള്ളിൽ ഭരണം നിലം പൊത്തുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മാണി.സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ അവസാനഘട്ട ചർച്ചകൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.
ഇനി ചർച്ചയ്ക്ക് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കോൺഗ്രസിൻ്റെ ആറിൽ അഞ്ചു കൗൺസിലർമാരും ഒപ്പിട്ട കത്ത് സംസ്ഥാന നേതൃത്വത്തിനും കൈമാറി.
കൂടാതെ കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച വൈസ് ചെയർപേഴ്സൺ മായാ രാഹുലും കത്തിൽ ഒപ്പിട്ടുണ്ട്. വിവരങ്ങൾ സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ദിയ പുളിക്കക്കണ്ടത്തിൻ്റെ രാജി ആവശ്യപ്പെട്ട് ബിജു മാത്യൂസ് രംഗത്ത് വന്നത്.
ഇത് സ്വതന്ത്ര മുന്നണിയല്ല അവസരവാദ മുന്നണിയാണെന്നും ബിജു മാത്യൂസ് ആരോപിച്ചു. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് പന്ത്രണ്ടും, യുഡിഎഫിന് പത്തും കൗൺസിലർമാരാണ് ഉള്ളത്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരുടെ ഉൾപ്പടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്.
സ്വതന്ത്ര കൂട്ടായ്മയുമായുള്ള സഖ്യം തകരുന്നതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എൽഡിഎഫ് ആകും. ഭരണം പിടിക്കാനായി എന്നാൽ സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് കേരള കോൺഗ്രസ് എം വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ വാച്ചും ഫയലും മോഷ്ടിച്ചുവെന്ന ചെയർപേഴ്സൺ ദിയ പുള്ളിക്കക്കണ്ടത്തിൻ്റെ ആരോപണമാണ് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വത്തെയും പ്രകോപിപ്പിച്ചത്. ഓട്ടോറിക്ഷ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കത്തിനൊടുവില്‍ ബിനു പുളിക്കക്കണ്ടം ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്തെന്ന പരാതിയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.