

പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് രാഹുൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിനിടെ സിപിഐഎം നേതാവിന്‍റെ കാർ അടിച്ചുതകർത്തു.
അടൂർ ഏഴംകുളത്ത് പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട് എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ സ്ഥലത്തെത്തുകയും എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പലയിടങ്ങളിലായി വീണ്ടും സംഘർഷമുണ്ടായി.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, രാഹുൽ മാങ്കൂട്ടവും സംഘവും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും തിരിച്ചും പരാതി നൽകിയിട്ടുണ്ട്. രാഹുൽ ഇപ്പോഴും കോൺഗ്രസിനുള്ളിൽ തന്നെയുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി പഴകുളം ശിവദാസൻ പറഞ്ഞു. രാഹുലിനെ ഒറ്റപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി പറഞ്ഞു.
താൻ സിപിഐഎം പ്രവർത്തകരെ ആക്രമിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അടൂരിൽ സിപിഐഎം ഗുണ്ടായിസം കളിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. പ്രശ്നത്തിൽ ഞാൻ ഇടപെട്ടത് എൻ്റെ ഇഷ്‌ടമെന്നും രാഹുൽ പറഞ്ഞു.