

തിരുവനന്തപുരം: കെ. സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയതിന് പിന്നാലെ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ് എം.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും താന്‍ സ്ഥാനാര്‍ഥിയാകില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് അടൂര്‍ പ്രകാശ് പിന്‍വലിക്കുകയായിരുന്നു.
നമ്മള്‍ വ്യക്തികളോടല്ല, പ്രസ്ഥാനത്തോടാണ് ബന്ധപ്പെട്ട് നില്‍ക്കുന്നതെന്നും സ്ഥാനാര്‍ഥിയാകില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. എന്നാല്‍ കെ. സുധാകരന്റെ കടുംപിടുത്തതിന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം അയഞ്ഞതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
'പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ സിപിഎമ്മിന് എവിടെയും സ്ഥിരമായ ''കോട്ട'' ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കോന്നിയില്‍ നിന്ന് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയത്. ആറ്റിങ്ങലിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നെ അതിയായ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാര്‍ലമെന്റിലേക്ക് അയച്ചു. ആ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നത് പാര്‍ട്ടി നേതൃത്വം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയില്‍ മത്സരിക്കണമെന്ന് നിങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹവും പ്രതീക്ഷയും എനിക്ക് വാക്കുകളില്‍ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്രാവശ്യം കോന്നിയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതിരുന്നത് നിങ്ങളില്‍ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാന്‍ ആഴത്തില്‍ മനസ്സിലാക്കുന്നു. എന്റെ പ്രിയപ്പെട്ടവര്‍ ഒരു കാര്യം മനസിലാക്കുക, ഞാന്‍ ചെയ്തത് പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല... പാര്‍ട്ടി പറയുന്നിടത്ത് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം,' എന്നായിരുന്നു അടൂര്‍ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
കണ്ണൂരില്‍ മത്സരിപ്പിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിവിടുമെന്നും 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിക്കുമെന്നുമുള്ള സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തിയത്. രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും സുധാകരനുമായി സംസാരിച്ചു. പിന്നാലെ മത്സരിക്കാന്‍ ഇളവ് അനുവദിക്കുകയായിരുന്നു. ഇത്തവണ എംപിമാരായ അടൂര്‍ പ്രകാശും കെ. സുധാകരനുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്.