കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

ഗുരുപൂർണിമാഘോഷത്തിന്‍റെ പേരിലാണ് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത്
വി. ശിവൻകുട്ടി, സ്കൂളിലെ പാദപൂജ
വി. ശിവൻകുട്ടി, സ്കൂളിൽ നടന്ന പാദപൂജSource: News Malayalam 24x7
Published on

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും കാൽ കഴുകൽ വിവാദം. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. സ്കൂളിലെ അധ്യാപകർ മറ്റൊരു സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകന്റെ കാൽ കഴുകിയ ശേഷം വിദ്യാർഥികളെക്കൊണ്ട് പൂവിട്ട് പൂജ നടത്തിയതാണ് വിവാദമായത്. ഗുരുപൂർണിമാഘോഷത്തിന്‍റെ പേരിലാണ് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത്.

വ്യാഴാഴ്‌ച രാവിലെയാണ് പരിപാടി നടത്തിയത്. വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതിയുടെ നേതൃത്യത്തിൽ ആദരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പാദ പൂജയും നടത്തിത്. വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. ‌

വി. ശിവൻകുട്ടി, സ്കൂളിലെ പാദപൂജ
"സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, കോടതിക്ക് പോലും തള്ളാൻ കഴിയാത്ത ഫോർമുല ഉണ്ടാക്കും"; കീം വിഷയത്തിൽ മന്ത്രി ആർ. ബിന്ദു

കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകൾ ചെയ്യിപ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ കാസർകോട് ബന്തടുക്കയിലും വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജം ചെയ്യിച്ചിരുന്നു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. ഗുരുപൂർണിമ എന്ന പേരിലാണ് ഇവിടെയും പരിപാടി സംഘടിപ്പിച്ചത്. പാദപൂജ ചെയ്യ്പ്പിക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com