

തൃശൂർ: സദാചാര ആക്രമണം നേരിട്ട, മിസ നാടകം വീണ്ടും വേദിയിലെത്തിക്കാൻ ഡിവൈഎഫ്ഐ. തൃശൂരിലെ സംസ്ഥാന സമ്മേളന വേദിയിൽ തന്നെ നാടകം അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നാടകത്തിലെ രംഗങ്ങൾ മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നതിന് എതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. നാടകം ആവശ്യപ്പെടുന്ന രീതിയിൽ കലാകാരന്മാർ വേദിയിലെത്തുന്നത് ആവിഷ്കാര സ്വാതന്ത്ര്യമെന്നും, സർക്കാർ നാടക പ്രവർത്തകർക്ക് ഒപ്പമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു.
തൃശൂരിൽ തുടരുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച മിസ ; THE LAST BREATH എന്ന നാടകമാണ് , സൈബറിടങ്ങളിൽ ഉൾപ്പെടെ അതിരൂക്ഷമായ സദാചാര ആക്രമണത്തിന് വിധേയമാകുന്നത് . 1975 ലെ അടിയന്തരാവസ്ഥാ കാലത്ത് അതിക്രൂരമായ ഭരണകൂട പീഡനം നേരിട്ട , പ്രശസ്ത ദക്ഷിണേന്ത്യൻ നടിയും സാമൂഹിക പ്രവർത്തകയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം . നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ വേഷം മാത്രം മുൻനിർത്തിയാണ് അപവാദ പ്രചാരണം.
വിവാദമായതിന് പിന്നാലെ നാടകം വീണ്ടും വേദിയിലെത്തിക്കുമെന്ന് ഡി വൈഎഫ് ഐ പ്രഖ്യാപിച്ചു. ജീവിത യാഥാർത്ഥ്യം അവതരിപ്പിക്കുമ്പോൾ സദാചാരത്തിന്റെ കണ്ണിലൂടെ സംഘടനയെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും , നാടകം പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു . നാടകത്തിന്റെ ചില രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ചതിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഡി വൈ എഫ് ഐ
നാടകം വീണ്ടും പൊതുസമ്മേളന വേദിയില്‍ അവതരിപ്പിക്കുന്നതിൽ സന്തോഷമെന്ന് മിസയിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിന്നൂസ് ചിലങ്ക ന്യൂസ് മലയാളത്തോട് പറഞ്ഞു . മിസ ആരെയാണോ ബാധിക്കുക അവർക്ക് നന്നായി മുറിവേറ്റുവെന്നാണ് അപവാദ പ്രചാരണത്തിലൂടെ വ്യക്തമാകുന്നത്. നാടകം ചിത്രീകരിക്കാനോ പ്രചരിപ്പിക്കാനോ ആർക്കും അനുവാദമില്ല, അതിന് ശ്രമിച്ചാൽ പൊലീസിൽ പരാതി നൽകുമെന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു .
സദാചാര ആക്രമണത്തിൽ നാടക പ്രവർത്തകരെ പിന്തുണച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥും രംഗത്തെത്തി . നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാർ വേദിയിൽ എത്തുക. അത് ആവിഷ്കാര സ്വാതന്ത്ര്യമാണ് . സർക്കാർ നാടക പ്രവർത്തകർക്കൊപ്പമാണെന്നും , നാടകത്തിൻ്റെ ഭാഗങ്ങൾ വികലമാക്കി പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടകത്തെ പിന്തുണച്ച് നടൻ ജോയ് മാത്യു അടക്കമുള്ളവരും രംഗത്തെത്തി . കലാരൂപങ്ങളിലെ മാറ്റം കാണാനാകാത്ത ലൈംഗിക വിഷാദികളാന്ന് വിവാദത്തിന് പിന്നിൽ . അവർ സ്ത്രീയുടെ അർദ്ധനഗ്‌നത കണ്ട് ഓരിയിടുന്നു. ഇരുട്ടിൽ നീല കലർന്ന സിനിമകൾ ആസ്വദിക്കുന്നതിൽ സദാചാരവാദികൾ തെറ്റ് കാണുന്നില്ല. മലമ്പുഴയിലെ യക്ഷിയെ വിമർശിച്ചവർക്ക് അവിടെ നിന്നും ബസ് കിട്ടിയിട്ടില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിൽ തുറന്നടിച്ചു.
മിസ നാടകത്തിനെതിരായ സൈബർ ആക്രമണത്തിൽ സർഗാത്മക പ്രതിഷേധം ഉയർത്താൻ പുരോഗമന കലാസാഹിത്യ സംഘവും ആഹ്വാനം ചെയ്തു . ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന അക്രമണങ്ങളുടെ തുടർച്ചയാണിത് . കലാവിഷ്‌കാരങ്ങൾ സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്നത് സംഘപരിവാറിന് സഹിക്കാനാവില്ല. രാജ്യത്തുടനീളം കലാകാരന്മാരെയും, എഴുത്തുകാരെയും, സാംസ്‌കാരിക പ്രവർത്തകരെയും അവർ വേട്ടയാടുകയാണെന്നും പുരോഗമന കലാസാഹിത്യ സംഘം വിമർശിച്ചു .