കൊച്ചി: ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ കൊച്ചിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ അജിനും ആവണിയും ആശുപത്രി വിട്ടു. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഊർജസ്വലർ ആയാണ് ഇരുവരും പങ്കെടുത്തത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർക്ക് മധുരം പങ്കിട്ടു നൽകിയും നന്ദി പറഞ്ഞുമാണ് ഇരുവരും മടങ്ങിയത്.
രണ്ടാഴ്ച മുൻപ് വരെ പരസ്പരം പരിചയം ഇല്ലാത്തവർ. ഇന്ന് ഒരുമിച്ചു കേക്ക് മുറിച്ച് പുതിയ സ്വപ്നങ്ങളുമായി ആശുപത്രി വിട്ടു. സന്തോഷ നിമിഷത്തിന് സാക്ഷിയായത് അജിനും ആവണിയും മാത്രമല്ല ഇരുവരുടെയും നെഞ്ചിൽ തുടിക്കുന്ന ഹൃദയത്തിന്റെ ഉടമകളായ ഐസക്കും ബിൽജിത്തും കൂടിയാണ്. ഹൃദയം നൽകിയ ഐസകിന്റെ കുടുംബത്തിന് അജിനും ആവണിയും നന്ദി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിൻ്റെ ഇടവേളയിലാണ് അജിന്റെയും ആവണിയുടെയും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോർജിൻ്റെ ഹൃദയമാണ് അജിനിൽ മിടിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം ഹൃദയം കൊച്ചിയിൽ എത്തിച്ച് അജിന്റെ നെഞ്ചോട് ചേർത്തുവെച്ചു. അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയമാണ് ആവണിയിൽ സ്‌പന്ദിക്കുന്നത്. രണ്ടുപേരുടെയും ആരോഗ്യനിലയിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ ജോസ് ചാക്കോ പെരിയപ്പുറം പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. ഡിസ്ചാർജ് ചെയ്തെങ്കിലും ഒരു മാസത്തോളം ലിസി ആശുപത്രിക്ക് സമീപമുള്ള കെയർ ഹോമിൽ ആയിരിക്കും ഇരുവരും താമസിക്കുക.