
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ നേരിട്ടെത്തി ആദ്യ പ്രതികരണവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ഹൃദയം മുഴുവൻ വേദന മാത്രമാണെന്നും ടിവികെ തെറ്റ് ചെയ്തിട്ടില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂവെന്നും ടിവികെ പ്രവർത്തകരുടെ മേൽ കൈവയ്ക്കരുതെന്നും വിജയ് അഭ്യർഥിച്ചു.
"അഞ്ചിടത്ത് ടിവികെ റാലികൾ സംഘടിപ്പിച്ചു. കരൂരിൽ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. എന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ റാലിക്ക് എത്തിയത്. ഇങ്ങനെയൊരു സാഹചര്യം ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടില്ല. ജനങ്ങളുടെ സ്നേഹത്തോട് കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കണമെന്ന് കരുതിയിരുന്നില്ല. ടിവികെ തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സത്യം ഉറപ്പായും പുറത്തുവരും," വിജയ് അപേക്ഷിച്ചു.
"മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണോ? സത്യം ഉടൻ പുറത്തുവരും. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഉടൻ സന്ദർശിക്കും. പരിക്കേറ്റവരെയും കാണും. ഞാനാണ് ലക്ഷ്യം, എൻ്റെ ആളുകളല്ല," വിജയ് ടിവികെ വിജയ് എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.