

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2026 ലാണ് ഡോവല്‍ ഇക്കാര്യം പറഞ്ഞത്. സമ്മേളനത്തിന് എത്തിയ യുവാക്കളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാറില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അജിത് ഡോവല്‍ സംസാരിച്ചത്. താന്‍ ഇതൊന്നും ഉപയോഗിക്കാറില്ലെന്നത് സത്യമാണ്. കുടുംബാംഗങ്ങളോടോ മറ്റ് രാജ്യങ്ങളിലുള്ളവരോടെ സംസാരിക്കേണ്ട സാഹചര്യങ്ങളില്‍ മാത്രമാണ് മൊബൈല്‍ ഫോണിന്റെ സഹായം തേടാറ്. ഇതൊന്നും ഉപയോഗിക്കാതെയാണ് തന്റെ ജോലികള്‍ ചെയ്യാറ്. ആശയവിനിമയത്തിന് മറ്റ് പല മാര്‍ഗങ്ങളുണ്ട്. കൂടാതെ ആളുകള്‍ക്ക് അറിയാത്ത ചില അധിക രീതികള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ വര്‍ഷങ്ങളോളം ഇന്റലിജന്‍സ്, ആഭ്യന്തര സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിനു ശേഷമാണ് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റത്.
1945 ല്‍ ഉത്തരാഖണ്ഡില്‍ ജനിച്ച ഡോവല്‍ 1968 ലാണ് ഐപിഎസ് നേടുന്നത്. കീര്‍ത്തി ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്നു.
കഴിഞ്ഞ വര്‍ഷം, അജിത് ഡോവലിന്റേതെന്ന പേരില്‍ പ്രചരിച്ച വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ഗവണ്‍മെന്റിന്റെ വസ്തുതാ പരിശോധനാ ഏജന്‍സി കണ്ടെത്തുകയും അത് വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലായിരുന്നു ഈ പോസ്റ്റ്.
അജിത് ഡോവല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിച്ച് പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും വ്യാജമാണെന്നും പിടിഐ വ്യക്തമാക്കിയിരുന്നു.