

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്നും എ.കെ. ബാലൻ ചോദിച്ചു. കേസിൽ തുടക്കക്കാരൻ മാത്യു കുഴൽനാടനായിരുന്നു.
വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് അപ്പീൽ സുപ്രീം കോടതിയും തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി പറഞ്ഞിരുന്നു. മാത്യുവിന് ശേഷം പിന്നീട് രംഗത്ത് വരുന്നത് ഷോൺ ജോർജാണ്.
എസ്എഫ്ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എ.കെ. ബാലൻ ചോദിച്ചു. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഐഎമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ എന്നും ബാലൻ പറഞ്ഞു.
2002, 2013 വർഷങ്ങളിൽ കരിമണൽ ഖനനം ചെയ്യാൻ ഉമ്മൻ ചാണ്ടിയാണ് സിഎംആർഎല്ലിന് അനുമതി നൽകിയത്. പിന്നീട് വന്ന വിഎസാണ് അത് റദ്ദ് ചെയ്തതെന്നും എ.കെ. ബാലൻ പറഞ്ഞു. പിണറായിയുടെ കാലത്ത് കരിമണൽ ഖനനം നടത്തിയിട്ടില്ല.
ഞങ്ങൾക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയും. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എ.കെ. ബാലൻ പറഞ്ഞു. അന്വേഷണവുമായി സിപിഐഎം സഹകരിക്കും. കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.