

പാലക്കാട്: മന്ത്രിസഭയിലെ ഭിന്നതയെ പരിഹസിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. നിലവിലെ സാഹചര്യം ഹണിമൂൺ ആണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിനു മുൻപ് തന്നെ ഡിവോഴ്സ് നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിലും അദ്ദേഹം പ്രതികരിച്ചു. വിദ്യാർഥികൾക്കെതിരെ കള്ളക്കേസെടുത്തെന്നായിരുന്നു ബാലന്റെ ആരോപണം.പ്രതികാരം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ബാലൻ ആവശ്യപ്പെട്ടു. സർവകലാശാലയിലെ പ്രശ്നങ്ങൾ വൈസ് ചാൻസലറാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത്. അതുണ്ടായില്ലെങ്കിൽ സമരമല്ലാതെ മറ്റെന്താണ് വിദ്യാർഥികൾക്ക് മുന്നിലുള്ളതെന്നും അദ്ദേഹം ചോദിച്ചു. ലോക്ഭവന്റെ എച്ചിൽ പറ്റുന്ന വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും വിദ്യാർഥികൾ വൈസ് ചാൻസലറെ മർദിച്ചെന്ന തരത്തിൽ കള്ളപ്രചാരണം നടത്തിയ മന്ത്രി റോജി എം. ജോൺ മാപ്പ് പറയണമെന്നും ബാലൻ ആവശ്യപ്പെട്ടു.
വിദ്യാർഥി സമരങ്ങളോടുള്ള സമീപനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. കെഎസ്‌യുവും എംഎസ്എഫും ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സമരം നടത്താറില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ജയരാജന്മാരുമായി ബന്ധപ്പെട്ട റിസോർട്ട് വിവാദത്തിൽ ബാലൻ പ്രതികരിച്ചില്ല. ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും രണ്ട് ജയരാജന്മാരും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബാലൻ കൂട്ടിച്ചേർത്തു.