എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കില്ല; സര്‍വകലാശാലാ ഭൂമി അളക്കാന്‍ മാത്രമാണ് കോടതി നിര്‍ദേശമെന്ന് തഹസില്‍ദാര്‍

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണെന്ന് സിപിഐഎം വ്യക്തമാക്കി
എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കില്ല; സര്‍വകലാശാലാ ഭൂമി അളക്കാന്‍ മാത്രമാണ് കോടതി നിര്‍ദേശമെന്ന് തഹസില്‍ദാര്‍
Published on: 
Updated on: 

തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കില്ല. അങ്ങനെയൊരു നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് തഹസില്‍ദാര്‍ അനീഷ് ശങ്കര്‍ വ്യക്തമാക്കി. സർവകലാശാലയുടെ ഭൂമി അളക്കാൻ മാത്രമാണ് നിർദേശമുള്ളത്. അത് രാവിലെ പത്തിന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണെന്ന് സിപിഐഎമ്മും വ്യക്തമാക്കി. അതേസമയം, രണ്ട് ഭൂമിയും ഉൾപ്പെടുന്നത് ഒരൊറ്റ സർവ്വേ നമ്പരിലായതിനാല്‍, എകെജി സെന്റർ ഇരിക്കുന്ന ഭൂമി അളക്കാതിരിക്കാൻ കഴിയില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സര്‍വകലാശാലയുടെയും, എകെജി സെന്ററിന്റെ കൈവശവുമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി അളക്കുമെന്ന വാർത്ത തെറ്റാണ്. സര്‍വ്വേ നടത്താന്‍ ഉത്തരവില്ല. സർവകലാശാലാ ഭൂമി അളക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. റവന്യൂ വകുപ്പ് അളക്കാൻ വന്നാൽ തടയില്ല. നിയമപരമായി മുന്നോട്ടുപോകുമെന്ന് സിപിഐഎം വ്യക്തമാക്കി.

എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കില്ല; സര്‍വകലാശാലാ ഭൂമി അളക്കാന്‍ മാത്രമാണ് കോടതി നിര്‍ദേശമെന്ന് തഹസില്‍ദാര്‍
എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സർവകലാശാലാ ഭൂമി അളക്കാനാണ് നിർദേശമെന്ന് സിപിഐഎം

എകെജി സെന്റര്‍ ഭൂമി സര്‍വ്വേ നടത്താന്‍ ഉത്തരവില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ. രാജഗോപാലൻ നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു. സർവകലാശാല ഭൂമി അളക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നിയമപരമാണ്. സേവ് യൂണിവേഴ്സിറ്റി ഫോറം മുൻപ് ഒരു കേസ് കൊടുത്തിരുന്നു. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട ഡോക്യുമെന്റ് എവിടെയും ഇല്ലെന്നായിരുന്നു കേസ്. തുടർന്ന് ഭൂമി ലഭിച്ച രേഖകൾ കോടതിയിൽ ഹാജരാക്കി. ഭൂമി രണ്ട് തവണ സർക്കാർ പതിച്ച് നൽകിയതാണെന്നായിരുന്നു രേഖയില്‍ ഉണ്ടായിരുന്നത്. സിൻഡിക്കേറ്റ് തീരുമാനമെടുത്ത് സെനറ്റിന്റെ അംഗീകാരത്തോടു കൂടി പ്രമാണപ്രകാരം നൽകിയ ഭൂമിയാണ്. ഇവ മൂന്നും ചേർന്നാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയുള്ളത്. ഭരണമാറ്റം വന്ന് പുതിയ സിൻഡിക്കേറ്റ് വന്നു. കേസ് നൽകിയ വ്യക്തി മെമ്പർ ആയി.സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ വസ്തു അളന്നു തിട്ടപ്പെടുത്താനായിരുന്നു പ്രമേയം. ഇതുമായി ബന്ധപെട്ട് ഹൈക്കോടതിയിൽ പോയി അതുപ്രകാരം യൂണിവേഴ്സിറ്റി വസ്തു അളന്നു തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അല്ലാതെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി അളക്കാനല്ല ഉത്തരവെന്നും രാജഗോപാലന്‍ നായര്‍ വ്യക്തമാക്കി.

അതേസമയം, സർവകലാശാലാ ഭൂമിയും എകെജി സെന്റർ ഇരിക്കുന്ന ഭൂമിയും ഉൾപ്പെടുന്നത് ഒറ്റ സർവ്വേ നമ്പരിലാണെന്നാണ് ആർ.എസ്, ശശികുമാറിന് വാദം. ഒറ്റ സര്‍വ്വേ നമ്പരായതിനാല്‍ എകെജി സെന്റർ ഇരിക്കുന്ന ഭൂമി അളക്കാതിരിക്കാനാവില്ല. പരാതികൾ പരിഹരിക്കണമെങ്കിൽ സർവകലാശാലയുടെയും തൊട്ടടുത്തുള്ള എകെജി സെന്ററിന്റെയും ഭൂമി ഒരുമിച്ച് അളക്കണം. ഭൂമി അളക്കാൻ സിപിഐഎം തയ്യാറാകാതിരിക്കുകയോ തടസ്സം നിൽക്കുകയോ ചെയ്താൽ വിവരം ഹൈക്കോടതിയെ അറിയിക്കും. സർക്കാർ നൽകിയ ഉത്തരവിനേക്കാൾ ഇരട്ടി ഭൂമി നിലവിൽ എകെജി സെന്ററിന്റെ കൈവശമുണ്ട്. പഠന ഗവേഷണ കേന്ദ്രത്തിനായി അനുവദിച്ച ഈ ഭൂമിയിലാണ് സിപിഎമ്മിന്റെ പാർട്ടി ഓഫീസ് പ്രവർത്തിച്ചത്. അനുവദിച്ച ആവശ്യത്തിനല്ലാതെ മറ്റൊരു കാര്യത്തിന് ഉപയോഗിച്ചാൽ ഭൂമി അസാധുവാകുമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ശശികുമാര്‍ പറയുന്നു.

News Malayalam 24x7
newsmalayalam.com