
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്ന വിമർശനങ്ങള്‍ പുസ്തക വിമർശനത്തിനപ്പുറം വ്യക്തിഹത്യയിലേക്ക് കടന്നുവെന്ന് അഖില്‍ പി ധർമജന്‍. അതില്‍ വളരെയധികം മോശമായി തന്നെയും കുടുംബത്തെയും ആക്ഷേപിച്ച മുതിർന്ന എഴുത്തുകാരിക്കെതിരെ പരാതി നൽകിയതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. അവാർഡ് കിട്ടിയ ദിവസം ഒരു പോൺ മാഗസിനുമായി തൻ്റെ പുസ്തകത്തെ കൂട്ടിയിണക്കി കളിയാക്കിയപ്പോഴും ഒന്നും മിണ്ടിയില്ല. എഴുത്തുകാർ അടക്കമുള്ള നിരവധി ആളുകൾ സംഘം ചേർന്ന് കളിയാക്കിയതിൽ ഈ വ്യക്തി സന്തോഷം കണ്ടെത്തുകയും അവർക്ക് മറുപടി നൽകി രസിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയതായി അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"ഒന്നുരണ്ട് പരിപാടികൾക്ക് പോയപ്പോഴും 'കൈക്കൂലി നൽകി അവാർഡ് വാങ്ങി' എന്നുതുടങ്ങുന്ന സംസാരങ്ങൾ നേരിട്ട് കേൾക്കുകയും ചെയ്തു. അതുമല്ല, എൻ്റെ അച്ഛൻ ഒരു ലോട്ടറി വിൽപ്പനക്കാരനാണ്. പാതിരപ്പള്ളിയിൽ ഒരു ലോട്ടറി തട്ടുമുണ്ട്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ അദ്ദേഹം ഇപ്പോഴും ലോട്ടറി വിൽക്കുകയാണ്. ഈ നാട്ടിൽ ചുറ്റുവട്ടത്തുള്ള കുറച്ച് ആളുകളിൽ ഒതുങ്ങി നിൽക്കുന്ന, ഇപ്പോഴും അധ്വാനിച്ച് ജീവിക്കുന്ന ഒരു മനുഷ്യനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതും കമൻ്റിട്ട് രസിക്കുന്നതും എന്തുതരം വിനോദമാണ്? ഇതിനെയും പുസ്തക വിമർശനം എന്നാണോ പറയുന്നത്? അച്ഛനോടും ആളുകൾ കളിയാക്കി ചോദിച്ചു: 'എത്ര കൊടുത്തു അവാർഡിന്' എന്നൊക്കെ," അഖില്‍ കുറിച്ചു.
എഴുത്തുകാരിക്കെതിരെ സൈബർ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളുണ്ടെന്നും തനിക്ക് അത്തരം ശൈലികളോട് യോജിപ്പില്ലെന്നും അഖില്‍ പറഞ്ഞു. പുസ്തക വിമർശനങ്ങൾ എന്നും സ്വാഗതം ചെയ്യുന്നു. മറിച്ച് വ്യക്തിഹത്യയെ അല്ലെന്നും യുവഎഴുത്തുകാരന്‍ കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അഖില്‍ പി. ധര്‍മജന്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ നല്‍കിയ പരാതിയില്‍ കോടതി കേസെടുത്തിരുന്നു. സെപ്റ്റംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. സ്വജനപക്ഷപാതമോ കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചാണ് അഖിലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം നല്‍കിയതെന്ന എഴുത്തുകാരിയുടെ കുറിപ്പായിരുന്നു പരാതിക്ക് ആധാരം.
രണ്ടുമൂന്ന് ദിവസമായി ഞാൻ വലിയ എന്തോ തെറ്റ് ചെയ്തതുപോലെ ആളുകൾ പോസ്റ്റുകൾ ഇടുകയും എന്നെ അതിൽ മെൻഷൻ ചെയ്യുകയും ചെയ്യുന്നുണ്ട്. കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതുകൊണ്ട് ഒരു പരിധിയിൽ കൂടുതൽ എഴുതാനോ പറയാനോ സാധിക്കില്ല. എന്നാലും പറയാൻ കഴിയുന്നവ പരിമിതിക്കുള്ളിൽനിന്ന് പറയാം.
എൻ്റെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചിട്ട് 10 വർഷം കഴിഞ്ഞു. അന്നുമുതലോ അതിനും എത്രയോ മുൻപ് സോഷ്യൽ മീഡിയയിൽ എഴുതുന്ന കാലം മുതലോ എൻ്റെ എഴുത്തുകൾ പലതരത്തിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ആരോഗ്യകരമായും അല്ലാതെയും. പലതും 'ഇവൻ ഇനി എഴുതാൻ പേനയെടുത്ത് പോകരുത്' എന്ന നിലയിൽ പോലും ആളുകൾ വിമർശനം എന്നപേരിൽ ആക്ഷേപം നടത്തിയിട്ടുണ്ട്. അതിനൊന്നും പ്രതികരിക്കാൻ പോകാതെ, വിമർശനത്തിൽ കഴമ്പുണ്ടോ, എഴുത്ത് മെച്ചപ്പെടുത്താൻ എന്തെങ്കിലും കാര്യങ്ങൾ അതിൽ ഉണ്ടോ എന്നൊക്കെയാണ് ഞാൻ നോക്കിയിരുന്നത്. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ എഴുത്ത് നിർത്തിപ്പോകാൻ മനസ്സില്ലാത്തതുകൊണ്ട് ഓരോ പുസ്തകത്തിലും എഴുത്ത് മെച്ചപ്പെടുത്താൻ പരമാവധി ഞാൻ ശ്രദ്ധിക്കാറുമുണ്ട്.
ഇവിടെയിത് പറയാൻ കാരണം, എൻ്റെ അക്കൗണ്ടിൽ പണ്ട് മുതലേ ഉള്ള പലർക്കും അറിയാം ഏതൊക്കെ തരത്തിൽ ആക്ഷേപ പോസ്റ്റുകൾ ഇട്ട് പലരും എൻ്റെ എഴുത്ത് ജീവിതം ഇല്ലാതാക്കാൻ പലകുറി ശ്രമിച്ചിട്ടുണ്ടെന്ന്. ഒന്നിനോടും ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ ഞാൻ ഇതുവരെ പോയിട്ടുമില്ല.
ഇപ്പോൾ ഏറ്റവും അടുത്ത് നടന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വിഷയത്തിൽ ഇപ്പോഴും നടക്കുന്ന ചർച്ചകളും ആക്ഷേപങ്ങളും ഞാൻ കാണുന്നുണ്ട്. അതിൽ വളരെയധികം മോശമായി എന്നെയും എൻ്റെ കുടുംബത്തെയും ആക്ഷേപിച്ച ഒരു എഴുത്തുകാരിക്കെതിരെ ഞാൻ പരാതി നൽകിയതിൽ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
'ഞാൻ കൈക്കൂലി കൊടുത്ത് അവാർഡ് വാങ്ങിയെന്നും, ജീവിതകാലം മുഴുവൻ ഞാൻ ഈ നാണക്കേടും പേറി നടക്കേണ്ടതിൽ അവർക്ക് സഹതാപമുണ്ടെന്നും' അവർ പറയുകയുണ്ടായി. ഈ പറയുന്നത് മറ്റാരുമല്ല. ഇതേ അവാർഡും മറ്റ് പല അവാർഡുകളും വാങ്ങിയ, മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ആരാധകരുള്ള മുതിർന്ന എഴുത്തുകാരിയാണ്. സ്വാഭാവികമായും ഇത് കേൾക്കുന്ന ആളുകളിൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എന്നെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവാർഡ് കിട്ടിയ ദിവസം ഒരു പോൺ മാഗസിനുമായി എൻ്റെ പുസ്തകത്തെ കൂട്ടിയിണക്കി കളിയാക്കിയപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല.
അതിൽ പല എഴുത്തുകാർ അടക്കമുള്ള നിരവധി ആളുകൾ സംഘം ചേർന്ന് എന്നെ കളിയാക്കിയതിൽ ഈ വ്യക്തി സന്തോഷം കണ്ടെത്തുകയും അവർക്ക് മറുപടി നൽകി രസിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. എങ്ങനെയാണ് ഈ തരത്തിൽ ഒരാളെ കൂട്ടം ചേർന്ന് വേദനിപ്പിച്ച് മനുഷ്യർ സന്തോഷം കണ്ടെത്തുന്നത്? അവർ അപ്പോഴും ഇപ്പോഴും പറയുന്നത് അത് പുസ്തകത്തെ വിമർശിച്ചതാണ് എന്നാണ്. ഞാൻ ഒന്നും മിണ്ടിയില്ല. ചാനലുകൾ അഭിമുഖം നടത്തിയപ്പോഴും അതൊക്കെ അവരുടെ വ്യക്തിസ്വാതന്ത്ര്യം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്.
എന്നാൽ പിന്നീട് വന്ന പോസ്റ്റുകളും അതിൽ വന്ന കമൻ്റുകൾക്ക് ഇതേ എഴുത്തുകാരി നൽകിയ മറുപടികളും പോസ്റ്റ് വായിച്ച ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ, വിമർശനമാണോ അതോ വ്യക്തിഹത്യയാണോ നടന്നതെന്ന്. മാത്രവുമല്ല, എൻ്റെ പാരമ്പര്യത്തെക്കുറിച്ചൊക്കെ പറയുന്നത് പുസ്തക വിമർശനമായിട്ടാണോ കാണുന്നത്? 15 വർഷങ്ങൾക്ക് മുൻപുള്ള (ഞാൻ സ്കൂൾ വിദ്യാർത്ഥിയാണ്) ആ സമയത്തെ കാര്യങ്ങൾ ആധികാരികമായി ശരിയാണോ തെറ്റാണോ എന്ന് പോലും അന്വേഷിക്കാതെ കണ്ടെത്തി പറയണമെങ്കിൽ എന്ത് ആഴത്തിൽ അവർ എൻ്റെ കുടുംബകാര്യങ്ങൾ അന്വേഷണം നടത്തിയിരിക്കാം. ഇതിനെയും പുസ്തക വിമർശനം എന്നാണോ പറയുക?
ഇനി മറ്റൊന്ന്, 'ഞാനും സംഘവും ചേർന്ന് ഗൂഢാലോചനയിലൂടെ ആക്രമണം നടത്തി, ബോഡി ഷേമിംഗ്, etc.. ഒക്കെ നടത്തി' എന്ന് പറയുന്നുണ്ട്. ഗ്രന്ഥകാരൻ പണം കൊടുത്ത് ആളെയിറക്കി എന്നൊക്കെ പലയിടങ്ങളിലും കമൻ്റുകളും കണ്ടു. ഇതൊക്കെ എന്ത് അടിസ്ഥാനത്തിലാണ് അവിടെയും ഇവിടെയും പോയി പറയുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊക്കെ വിട്ടുകളയാം എന്ന് കരുതിയാലും, എത്രയോ ആളുകൾ ഇതിൻ്റെ അടിസ്ഥാനത്തിൽ എന്നെ വിളിച്ച് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുകയാണ്. പലർക്കും സംശയമാണ്, മുതിർന്ന ഒരു എഴുത്തുകാരി വെറുതേ ഇങ്ങനെയൊക്കെ പറയുമോ എന്നത്.
ഒന്നുരണ്ട് പരിപാടികൾക്ക് പോയപ്പോഴും 'കൈക്കൂലി നൽകി അവാർഡ് വാങ്ങി' എന്നുതുടങ്ങുന്ന സംസാരങ്ങൾ നേരിട്ട് കേൾക്കുകയും ചെയ്തു. അതുമല്ല, എൻ്റെ അച്ഛൻ ഒരു ലോട്ടറി വിൽപ്പനക്കാരനാണ്. പാതിരപ്പള്ളിയിൽ ഒരു ലോട്ടറി തട്ടുമുണ്ട്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ അദ്ദേഹം ഇപ്പോഴും ലോട്ടറി വിൽക്കുകയാണ്. ഈ നാട്ടിൽ ചുറ്റുവട്ടത്തുള്ള കുറച്ച് ആളുകളിൽ ഒതുങ്ങി നിൽക്കുന്ന, ഇപ്പോഴും അധ്വാനിച്ച് ജീവിക്കുന്ന ഒരു മനുഷ്യനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതും കമൻ്റിട്ട് രസിക്കുന്നതും എന്തുതരം വിനോദമാണ്? ഇതിനെയും പുസ്തക വിമർശനം എന്നാണോ പറയുന്നത്? അച്ഛനോടും ആളുകൾ കളിയാക്കി ചോദിച്ചു: 'എത്ര കൊടുത്തു അവാർഡിന്' എന്നൊക്കെ.
അവാർഡ് കിട്ടിയ അന്ന് റോഡിൽ പോയവർക്കൊക്കെ ലഡ്ഡു കൊടുത്ത്, എന്നെ വിളിച്ച് ഒരുപാട് സന്തോഷത്തോടെ 'മോനേ, കുഞ്ഞേ' എന്നൊക്കെ വിളിച്ച മനുഷ്യൻ്റെ കണ്ണീര് ഞാൻ കണ്ടു. ഇത്രയുമൊക്കെ പോരേ ഞാൻ ഇപ്പോൾ എടുത്ത തീരുമാനത്തിൽ എത്താൻ? അതോ എല്ലാം സഹിച്ച് ഞാൻ ഇനിയും ജീവിക്കണോ, അവരുടെ ഭാഷയിൽ പറഞ്ഞാൽ 'അപമാനത്തോടെ ജീവിക്കുക!'? ജൂറി തിരഞ്ഞെടുത്ത പ്രകാരം മുന്നോട്ടുള്ള എഴുത്തിനുള്ള പ്രോത്സാഹനമായി ഒരു അവാർഡ് അല്ലേ കിട്ടിയത്? അതിന് ഇത്രയേറെ എന്നെ ആക്രമിക്കണോ? 'സാഹിത്യത്തെ സംരക്ഷിക്കാൻ ശബ്ദിക്കുന്നു' എന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ ഒരാളെ ഇല്ലാതാക്കി സന്തോഷിച്ച് സാഹിത്യ സംരക്ഷണം നടത്തുന്നത്?
ഒടുവിൽ ജെൻഡർ കാർഡ് ഇറക്കി സ്ത്രീവിരുദ്ധത, ബോഡി ഷേമിംഗ്, സ്ത്രീയെ സംഘം ചേർന്ന് ആക്രമണം എന്നതിൽ കൊണ്ടെത്തിച്ച് കാര്യങ്ങൾ ആ തലത്തിലേക്ക് വളച്ചൊടിക്കുകയും, അത് ഏറ്റുപിടിച്ച് രണ്ടുദിവസമായി പലരും പോസ്റ്റുകൾ ഇട്ടും കമൻ്റിട്ടും 'ഞാൻ ആളുകളെ ഇളക്കിവിട്ടു' എന്നൊക്കെ പറയുകയാണ്. ഞാൻ ഒരാൾക്കെങ്കിലും ഈ എഴുത്തുകാരിയെ ചീത്ത പറയാൻ നിർദ്ദേശിച്ചതിന് തെളിവ് കാണിക്കൂ. ഇല്ലാത്ത കാര്യങ്ങൾ തലയിൽ ചുമക്കാൻ എനിക്ക് പറ്റില്ല. തരംതാണ രീതിയിൽ വിമർശനം എന്നൊക്കെ ലേബലും ഒട്ടിച്ച് ഒരാളെ വ്യക്തിഹത്യ നടത്തിയാൽ നെല്ലും പതിരും മനസ്സിലാക്കാനുള്ള ബോധം മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും ഉണ്ട്. അവർ പ്രതികരിക്കും. അതിന് ആരെങ്കിലും നിർദ്ദേശം കൊടുക്കുകയോ പണം കൊടുക്കുകയോ ഒന്നും ചെയ്യേണ്ട. പിന്നെ, ഈ എഴുത്തുകാരിയോട് പൂർവ്വകാല വൈരാഗ്യമുള്ള ആളുകളും ഈ അവസരം വിനിയോഗിച്ച് തരംതാണ ആക്ഷേപങ്ങൾ നടത്താം. അത്തരം ശൈലികളോട് എനിക്ക് യോജിപ്പില്ല. അതുപോലുള്ള കമൻ്റുകൾ ചെയ്തവർക്കെതിരെ തിരിയാൻ പൂർണ്ണമായ പിന്തുണയും നൽകുന്നു. പക്ഷേ അതും എൻ്റെ തലയിൽ വച്ചുകെട്ടരുത്. എനിക്കെതിരെ നടന്ന വ്യക്തിഹത്യയ്ക്ക് ഇന്ത്യൻ നിയമവ്യവസ്ഥ എനിക്ക് നീതി നൽകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
പുസ്തക വിമർശനങ്ങൾ എന്നും സ്വാഗതം ചെയ്യുന്നു. മറിച്ച് വ്യക്തിഹത്യയെ അല്ല. ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു. ഈ വിഷയത്തിൽ സ്കൂൾ ഗ്രൗണ്ടിൽ കിടന്ന് കുട്ടികൾ തല്ലുകൂടുംപോലെ കൂടുതൽ സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല.
'എന്നും സത്യം ജയിക്കട്ടെ!'