തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമായ അതിക്രമം നേരിട്ടതിൽ അഗതി മന്ദിരം നടത്തിപ്പുകാരായ പ്രതികളെ റിമാൻഡ് ചെയ്തു. അഗതി മന്ദിരം നടത്തിപ്പുകാരായ അമൽ ഫ്രാൻസിസ്, സഹായികളായ നിധിൻ , ആരോമൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ എം. എ. സുദർശനാണ് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വച്ച് മർദനമേറ്റത്.
പ്രതികൾ സുദർശനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൽ ഫ്രാൻസിസിൻ്റെ നിർദേശപ്രകാരമാണ് മർദനമേറ്റയാളെ ളെ ആശുപത്രിയിൽ എത്തിക്കാതെ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉപേക്ഷിച്ച ശേഷം സഹായികളായ ആരോമലും നിധിനും രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അഗതി മന്ദിരത്തിൽ സഹ അന്തേവാസിയുടെ അതിക്രൂര മർദനത്തിലാണെന്ന് സുദർശന് പരിക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മനുഷ്യത്വരഹിതമായ ക്രൂരതയാണ് സുദർശന് നേരിടേണ്ടിവന്നത്. ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചതിനെ തുടർന്ന് അവയവം മുറിച്ച് മാറ്റേണ്ടി വന്നു. കുത്തിപ്പരിക്കേൽപ്പിച്ച ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായി. വയറിലും പുറത്തുമായി കുത്തേൽക്കുകയും ആഴത്തിൽ മുറിവുണ്ട്. പരിക്കേറ്റ സുദർശൻ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.