
രാജ്യത്താദ്യമായി നിര്‍മിത ബുദ്ധിയും, റോബോട്ടിക്സും ഫാക്ട് ചെക്കിംഗുമെല്ലാം ഐ.സി.ടി. പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിന്റെ തുടര്‍ച്ചയായി അനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (എ.വി.ജി.സി) സാങ്കതികവിദ്യകളും പഠിക്കാന്‍ മുഴുവന്‍ കുട്ടികള്‍ക്കും അവസരമൊരുക്കി കേരളം. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ എ.വി.ജി.സി എക്സ്.ആര്‍. (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കിയ പുതുക്കിയ ഐ.സി.ടി. പാഠപുസ്തകങ്ങളിലാണ് രാജ്യത്താദ്യമായി മുഴുവന്‍ കുട്ടികള്‍ക്കുമായി എ.വി.ജി.സി. ഉള്ളടക്കം പഠിക്കാന്‍ അവസരം നല്‍കുന്നത്.
മൂന്നാം ക്ലാസിലെ 'പാട്ടുപെട്ടി' എന്ന അധ്യായത്തില്‍ സംഗീത സ്വരങ്ങള്‍ കേട്ട് ട്രയല്‍ & എറര്‍ രീതിയില്‍ അടിസ്ഥാന സ്വരങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. നാലാം ക്ലാസിലാകട്ടെ 'പിയാനോ വായിക്കാം', 'ഉത്സവമേളം' എന്നീ അധ്യായങ്ങളിലൂടെ കുട്ടികള്‍ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്താം. എഡ്യൂടെയിന്‍മെന്റ് രീതിയില്‍ വിവിധ ഗെയിമുകള്‍ കളിക്കുന്ന ലാഘവത്തോടെയാണ് 'കളിപ്പെട്ടി' എന്ന് പേരിട്ട പാഠപുസ്തകത്തിലൂടെ കുട്ടികള്‍ ഇവ പഠിക്കുന്നത്. ഒമ്നിടെക്സ്, ജികോംപ്രിസ്, മ്യൂസ്‌കോര്‍, ഒഡാസിറ്റി എന്നീ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ക്ക് പുറമെ കൈറ്റ് തയ്യാറാക്കിയ 'താളം' സോഫ്റ്റ്വെയറും ഇതിനായി ഉപയോഗിക്കുന്നു. കേവലം സംഗീത പഠനം എന്നതിലുപരി ഡിജിറ്റല്‍ സംഗീതത്തിന്റെ സാധ്യതകള്‍ ഡിജിറ്റല്‍ ഓഡിയോ വര്‍ക്ക് സ്റ്റേഷനായ എല്‍.എം.എം.എസ്. എന്ന സോഫ്റ്റ്വെയറിലൂടെ പ്രയോഗിക്കാന്‍ സന്തമായി ഒരു അനിമേഷന്‍ സിനിമയ്ക്ക് പശ്ചാത്തല സംഗീതം നല്‍കിക്കൊണ്ട് എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കുന്നു.
അപ്പര്‍ പ്രൈമറി തലത്തില്‍ അനിമേഷന്‍ സാങ്കേതികവിദ്യ പ്രാഥമികമായി പരിചയപ്പെടുകയും പത്താം ക്ലാസിലെത്തുന്നതോടെ അനിമേഷന്‍ ഉള്ളടക്ക നിര്‍മാണത്തിന് അവസരം നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് ഐ.സി.ടി. പാഠപുസ്തകങ്ങള്‍. ആറാം ക്ലാസില്‍ 'വരയ്ക്കാം ചലിപ്പിക്കാം' എന്ന അധ്യായത്തിലൂടെ 'പെന്‍സില്‍ 2ഡി' എന്ന സോഫ്റ്റ്വെയറിലൂടെ പന്തിന്റേയും കാറിന്റേയും ചലനങ്ങള്‍ തയ്യാറാക്കിക്കൊണ്ടാണ് അനിമേഷന്‍ പഠനം ആരംഭിക്കുന്നത്. എഫ്.പി.എസ്, ഒനിയന്‍ സ്‌കിന്നിംഗ്, ഫ്രെയിംസ് തുടങ്ങിയ സങ്കേതങ്ങള്‍ കുട്ടികള്‍ ഇതോടൊപ്പം മനസ്സിലാക്കുന്നു. പത്താം ക്ലാസിലെ 'ചിത്രങ്ങള്‍ക്ക് ജീവന്‍ പകരാം' എന്ന അധ്യായത്തില്‍ ഓപ്പണ്‍ ടൂണ്‍സ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍, കഥാപാത്രങ്ങളുടെ രൂപകല്‍പന, കീഫ്രെയിം, ട്വീനിങ്ങ്, ചിത്ര ശ്രേണിയില്‍ ഉപയോഗിച്ചിട്ടുള്ള അനിമേഷന്‍ നിര്‍മാണം തുടങ്ങിയവ കുട്ടികള്‍ പരിചയപ്പെടുന്നു.
കോഡിങ്ങ് പ്രധാനപ്പെട്ടൊരു മേഖലയായി ഐ.സി.ടി. കരിക്കുലം വിഭാവനം ചെയ്യുന്നതിനാല്‍ അതിന്റെ തുടര്‍ച്ചയായാണ് നിര്‍മിതബുദ്ധിയും കോമിക്സ്-ഗെയിം നിര്‍മാണവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം ക്ലാസ് വരെ ലോജിക്കല്‍ ഗെയിമിങ് കളിച്ച് പ്രോഗ്രാമിങിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കുട്ടികള്‍ നാലില്‍ സ്‌ക്രാച്ച് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചെറിയ ചലനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനവും അഞ്ചില്‍ ഗണിത പാറ്റേണുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളും ചെയ്യും . ഒരു എലിക്കുഞ്ഞിനെ അതിന്റെ അമ്മയുടെ അടുത്തെത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം ആറാം ക്ലാസിലെ 'കോഡിങ്ങ് : കളിയിലെ കാര്യങ്ങള്‍' എന്ന അധ്യായത്തില്‍ കുട്ടികള്‍ സ്വന്തമായി തയ്യാറാക്കുന്നു. എഴാം ക്ലാസിലെ 'നിര്‍മിക്കാം കമ്പ്യൂട്ടര്‍ ഗെയിമുകള്‍' എന്ന അദ്ധ്യായത്തിലും എട്ടാം ക്ലാസിലെ 'കമ്പ്യൂട്ടര്‍ ഗെയിമുകള്‍' എന്ന അധ്യായത്തിലും ക്രമാനുഗതമായി കുട്ടികള്‍ക്ക് കോഡിങ്ങ് ശേഷി ആര്‍ജിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് ഭാഷ ഉപയോഗിച്ച് ആഴത്തിലുള്ള പ്രോഗ്രാമിംഗ് പഠനത്തിനും കുട്ടികള്‍ക്ക് അവസരം ലഭിക്കും.
പുതിയ എ.ഐ. കാലത്ത് ഒരേസമയം സാങ്കേതിക ശേഷികള്‍ ആര്‍ജിക്കാനും, വിവിധ വിഷയങ്ങള്‍ എളുപ്പം ഗ്രഹിക്കാനും തൊഴില്‍ നൈപുണി വളര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ഐ.സി.ടി. പാഠപുസ്തക രചനാ സമിതി ചെയര്‍മാനും കൈറ്റ് സി.ഇ.ഒ.യുമായ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികള്‍ക്ക് വിശദമായി പഠിപ്പിച്ച് ആ അനുഭവം കൂടി ഉള്‍പ്പെടുത്തിയാണ് മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ ഇപ്പോള്‍ അവസരം നല്‍കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളില്‍ തയ്യാറാക്കിയ എട്ട് , ഒന്‍പത് , പത്ത് പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും ഓണാവധിക്ക് ശേഷം കുട്ടികളുടെ കയ്യിലെത്തും. ഐസിടി പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കൈറ്റ് നേരിട്ട് പരിശീലനം നല്‍കിക്കഴിഞ്ഞു. എല്ലാ സോഫ്ട്വെയറുകളും സ്‌കൂളുകള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ കൂടെ കൈറ്റ് നല്‍കിക്കഴിഞ്ഞു.