
ലൈംഗിക വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം താന്‍ പ്രതികരിച്ചതെന്നും ഉമ തോമസ് പറഞ്ഞു.
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. രാഹുലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ഉമ തോമസ് പറഞ്ഞു.
'എന്റെ പ്രതികരണം ഞാന്‍ തന്ന് കഴിഞ്ഞു. പറയാനുള്ളത് ഇന്നലെ തന്നെ വളരെ കൃത്യമായി പറഞ്ഞതാണ്. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പക്ഷെ എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കട്ടെ. മിനിഞ്ഞാന്ന് തന്നെ അദ്ദേഹം രാജിവെക്കുമെന്നാണ് വിചാരിച്ചത്. പത്ര സമ്മേളനം നടത്തുമ്പോള്‍ ഒരു ക്ലാരിറ്റി ഉണ്ടാകുമെന്നാണ് വിചാരിച്ചത്. പക്ഷെ അതുണ്ടായില്ല എന്നതുകൊണ്ടാണ് ഇന്നലെ എന്റെ അഭിപ്രായം പറഞ്ഞത്,' ഉമ തോമസ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് പറഞ്ഞതിന് പിന്നാലെ ഉമ തോമസിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. വിവിധ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അധിക്ഷേപ പരാമര്‍ശവുമുണ്ടായിരുന്നു. ഈ വിഷയത്തിലും ഉമ തോമസ് പ്രതികരിച്ചു.
അതിനെ സൈബര്‍ ആക്രമണം എന്നൊന്നും പറയുന്നില്ല. തന്നെ പോലെ അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ ഒരു ആക്രമണം എന്നൊന്നും പറയുന്നില്ല. വ്യക്തിഹത്യയോ അധിക്ഷേപമോ, അതൊന്നും വായിക്കാനേ പോയിട്ടില്ല. സ്വന്തം അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
അതേസമയം ലൈംഗിക വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉള്‍പ്പടെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസും ഘടകകക്ഷികളും.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനവും നേതൃത്വത്തില്‍ എടുത്തിട്ടുണ്ട്. സസ്‌പെന്‍ഷനില്‍ ആയതിനാല്‍ തന്നെ പാര്‍ട്ടി പരിപാടികളിലോ മണ്ഡലത്തിലെ പരിപാടികളിലോ പങ്കെടുക്കാന്‍ കഴിയില്ല.
സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും രാഹുലിനെ ഒഴിവാക്കാനുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. രാഹുലിനെ ഒഴിവാക്കുന്നതിനായി ശാസ്ത്രമേളയുടെ വേദി മാറ്റി ഷൊര്‍ണൂരിലേക്ക് മാറ്റുകയും ചെയ്തു.
എംഎല്‍എ ആയതിനാല്‍ സംഘാടകസമിതിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കാന്‍ കഴിയില്ല. ശാസ്ത്രമേള പാലക്കാട് നടത്തിയാല്‍ സ്ഥലം എംഎല്‍എ സംഘാടകസമിതിയുടെ ചെയര്‍മാനോ കണ്‍വീനറോ ആകും. അതിനാലാണ് വേദി മാറ്റിയുള്ള സര്‍ക്കാര്‍ തീരുമാനം.