

പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് ചർച്ചയാകുന്നതിനിടെ കടുത്ത നിലപാടുമായി കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യർ. കോൺഗ്രസിലേക്ക് ആർക്കും കടന്നുവരാമെങ്കിലും അവർ കടന്നുവരുന്ന സാഹചര്യവും ഉയർത്തുന്ന ആശയങ്ങളും ചർച്ച ചെയ്യപ്പെടണമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. പത്മജ വേണുഗോപാൽ പാർട്ടിയെ വഞ്ചിച്ചയാളാണെന്നും അദ്ദേഹം വിമർശിച്ചു.
കെ. കരുണാകരനെപ്പോലും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പത്മജ നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളെ വർഗീയ ചാപ്പ കുത്തിയാണ് അവർ പാർട്ടി വിട്ടുപോയത്. അത്തരം നിലപാടുകളിൽനിന്ന് പിന്മാറി ആശയപരമായ വ്യക്തത വരുത്തുകയും മാപ്പ് പറയാൻ തയ്യാറാകുകയും വേണമെന്ന് അലോഷ്യസ് ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയെ തൊട്ടും തലോടിയും സംസാരിച്ചുകൊണ്ട് കോൺഗ്രസിലേക്ക് വരുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ചോറ് ഇവിടെയും കൂറ് അവിടെയും' എന്ന നിലപാടാണോ സ്വീകരിക്കുന്നതെന്നും അലോഷ്യസ് ചോദിച്ചു.
കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നവർ സാധാരണ പ്രവർത്തകരെപ്പോലെ ബൂത്ത് തലം മുതൽ പ്രവർത്തനം ആരംഭിക്കണം. മറ്റ് ആവശ്യങ്ങളൊന്നും മുന്നോട്ടുവെക്കരുത്. പാർട്ടിയിലേക്ക് കടന്നുവരുമ്പോൾ പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കേണ്ടതില്ലെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ജിൻ്റോ ജോണും പത്മജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.