

എറണാകുളം: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ രാജ്മോഹൻ ഉണ്ണിത്താൻ്റെ മകൻ അമൽ ഉണ്ണിത്താൻ. ഇരുവരുടെയും പേരെടുത്ത് പറയാതെയാണ് അമലിൻ്റെ രൂക്ഷമായ പരിഹാസം. ഒരു ബിഗ് ബോസ് മത്സരാർഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പിആർ ഏജൻസികളെ തേടുന്നുണ്ടെന്നും ആശാന്റെയും ശിഷ്യന്റെയും പിആർ ഏജൻസികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അമലിൻ്റെ പരിഹാസം. ഷാഫി അനുകൂലികൾ ഉണ്ണിത്താന് നെല്ലിക്ക അയച്ചുകൊടുത്തതിന് എതിരെയും അമൽ ഉണ്ണിത്താൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
അത്യാവശ്യം: ഒരു ബിഗ് ബോസ് മത്സരാർഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം PR ഏജൻസിയെ തേടുന്നു! 😂ആശാന്റെയും ശിഷ്യന്റെയും PR ഏജൻസികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നത്. മത്സരാർത്ഥി തുമ്മിയാൽ വൈറലാക്കണം, കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കണം, ചായ കുടിച്ചാൽ ജനകീയനാക്കണം! നാടുനീളെ ഫ്ലക്സും ബാനറും ഉയരണം. പണിയില്ലാതെ നടക്കുന്ന ശിഷ്യന്മാർ സൈബർ ടീമിനെ നിയന്ത്രിക്കട്ടെ അഡ്മിൻ ഫീസും പ്രത്യേകം തരാം!
നെല്ലിക്ക പാക്കേജ് പ്രത്യേകം വേണം! പക്ഷേ നമ്മുടെ ബജറ്റ് കുറച്ചുകൂടി ഉയർന്നതാണ്. അതുകൊണ്ട് നെല്ലിക്കയിൽ ഒതുക്കേണ്ട, ഐഫോണും മറ്റു വിലകൂടിയ സാധനങ്ങളും പാക്കേജിൽ ഉൾപ്പെടുത്താം! പണം ഒരു വിഷയമേയല്ല. ബജറ്റിന് പരിധിയുമില്ല! ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ PR സിദ്ധാന്തം?എത്ര വലിയ PR ഏജൻസിയായാലും കുറച്ച് നിഷ്കളങ്കരായ മനുഷ്യരെ കബളിപ്പിക്കാൻ കഴിഞ്ഞേക്കാം… പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുത്! ഫ്ലക്സിന് ആയുസ്സ് കുറവാണ്, സത്യത്തിന് കാലാവധിയില്ല!