

തിരുവനന്തപുരം: കല്ലമ്പലത്ത് നിന്ന് വിദ്യാർഥികൾ കടത്തിക്കൊണ്ട് പോയ ആംബുലൻസ് കണ്ടെത്തി. വർക്കലയിൽ നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്. തമാശയ്ക്ക് വാഹനം കടത്തിക്കൊണ്ടു പോയതാണെന്നാണ് വിദ്യാർഥികളുടെ മൊഴി. വിദ്യാർഥികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് ആംബുലൻസ് കടത്തിയ വിദ്യാർഥികളെ പൊലീസ് കണ്ടെത്തിയത്. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നായിരുന്നു രണ്ടുപേരെയും കണ്ടെത്തിയത്. പിന്നാലെ ഇവരെ തിരുവനന്തപുരത്ത് എത്തിച്ചു. ശേഷം നടത്തിയ പരിശോധനയിൽ വർക്കലയിൽ നിന്നും ആംബുലൻസ് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരും മുൻപും നാടുവിട്ട് പോയിട്ടുള്ളവരാണെന്ന് മാതാപിതാക്കൾ പറയുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിച്ചെടുത്ത വാഹനം ഇന്ന് ഉടമകൾക്ക് തിരിച്ചു നൽകും
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലന്‍സ് മോഷണം പോയത്. കല്ലമ്പലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു വിദ്യാര്‍ഥികള്‍ കടത്തിയത്. ആംബുലന്‍സ് കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.